ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക്. സ്വിറ്റ്‌സര്‍ലന്‍ഡിലെ മ്യൂണിക്കില്‍ നിന്നും ജര്‍മനിയിലെ ബാങ്കോക്കിലേക്ക് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി ഡല്‍ഹിയില്‍ ഇറക്കി. ലുഫ്‌താന്‍സ വിമാനമാണ് യാത്രക്കിടെ അടിയന്തരമായി ലാന്‍ഡ് ചെയ്‌തത്. വിമാനത്തില്‍ യാത്രക്കാരായ ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കാബിന്‍ ക്രുഅംഗങ്ങള്‍ അടക്കം പരിഹരിക്കാന്‍ ശ്രമിച്ചിട്ടും വിഫലമാകുകയും ചെയ്‌തതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ വിമാനം ലാന്‍ഡ് ചെയ്യാതെ നിവൃത്തിയില്ലെന്ന് മനസിലാക്കിയ പൈലറ്റ് തൊട്ടടുത്ത പാകിസ്ഥാനിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും ശരിയായ കാരണം വെളിപ്പെടുത്താന്‍ കഴിയാത്തതോടെ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എയർപോർട്ട് എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും ലാന്‍ഡിങ് അനുവാദം തേടുകയും ചെയ്‌തു. അനുമതി ലഭിച്ചതോടെ പൈലറ്റ് വിമാനത്തിന്‍റെ സഞ്ചാരപാത മാറ്റി തൊട്ടടുത്തുള്ള ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്‌ത വിമാനത്തില്‍ നിന്നും ഭര്‍ത്താവിനെ ഇറക്കുകയും എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്‌തു. സംഭവത്തില്‍ ലുഫ്‌താന്‍സ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിന്‍റെ കാരണത്തെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.