ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള എട്ട് വയസുകാരന്‍ രാജ്‌ബീര്‍ സിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അസാമാന്യ മെയ്‌വഴക്കത്തോടെ നൃത്തം ചെയ്‌താണ് ഈ സിഖ് ബാലന്‍ സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയത്. രാജ്‌ബീറിന്‍റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹിപ് ഹോപ് നൃത്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.
ഒറ്റ രാത്രി കൊണ്ട് രാജ്‌ബീര്‍ താരമായി. സോനം ബജ്‌വ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും രാജ്‌ബീറിന്‍റെ ഡാന്‍സ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. ലുധിയാനയിലെ ഇഷ്‌മിത്ത് ഡാന്‍സ് അക്കാദമിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാജ്‌ബീര്‍ ഹിപ് ഹോപ് നൃത്തം അവതരിപ്പിച്ചത്.
പിതാവ് രഘ്‌ബീര്‍ സിങ് ആണ് രാജ്‌ബീറിന്‍റെ ഡാന്‍സ് മൊബൈലില്‍ പകര്‍ത്തിയത്. പിന്നീട് അദ്ദേഹം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു. അസാധാരണമായ ശരീര വഴക്കത്തോടെയുള്ള രാജ്‌ബീറിന്‍റെ പ്രകടനം കണ്ട് ഒരു കൂട്ടം യുവാക്കള്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
രണ്ട് വര്‍ഷമായി ഡാന്‍സ് പഠിച്ച് വരികയാണ് ലുധിയാന ഗില്‍ റോഡ് സ്വദേശിയായ ഈ മിടുക്കന്‍. തന്‍റെ മാസ്റ്ററുടെ കീഴില്‍ ദിവസവും രണ്ട് മണിക്കൂര്‍ ഹിപ് ഹോപ് പരിശീലിക്കാറുണ്ടെന്ന് രാജ്‌ബീര്‍ പറഞ്ഞു. സുഹൃത്ത് ദാസും തനിക്കൊപ്പം ഡാന്‍സ് പഠിക്കുന്നുണ്ടെന്നും രാജ്‌ബീര്‍ പറയുന്നു.
മൂന്നാം ക്ലാസുകാരനായ രാജ്‌ബീര്‍ സംസ്ഥാന തലത്തില്‍ ആറ് മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാമതെത്തിയിട്ടുണ്ട്. മകന്‍ നൃത്തം ചെയ്യുന്നതിനെ ആദ്യം താന്‍ എതിര്‍ത്തിരുന്നു എന്നും പിന്നീട് അവന്‍റെ കഴിവ് മനസിലാക്കിയപ്പോള്‍ പിന്തുണയ്‌ക്കുകയായിരുന്നു എന്നും പിതാവ് രഘ്‌ബീര്‍ പറഞ്ഞു.