ചെന്നൈ : എൽ ടി ടി ഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി അദ്ദേഹത്തിന്‍റെ അനുയായിയും തമിഴ് നാഷണലിസ്റ്റ് പാർട്ടി സ്ഥാപകനുമായ പഴ നെടുമാരൻ. ശ്രീലങ്കയിലെ തമിഴ് വംശജർക്കായി ഒരു സ്വതന്ത്ര രാഷ്‌ട്രത്തിനായുള്ള പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പഴ നെടുമാരന്‍റെ വാദങ്ങള്‍.
2009 മെയിൽ നടന്ന ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തില്‍ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നിരിക്കെയാണ് മറുവാദവുമായി പഴ നെടുമാരന്‍റെ രംഗപ്രവേശം. വേലുപ്പിള്ള പ്രഭാകരന്‍ അദ്ദേഹത്തിന്‍റെ കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ അനുവാദത്തോടുകൂടി തന്നെ അദ്ദേഹം ജീവിച്ചിരിക്കുന്നതായി താൻ വെളിപ്പെടുത്തുകയാണെന്നും നെടുമാരൻ അവകാശപ്പെട്ടു. പ്രഭാകരനെ കുറിച്ചുള്ള ആസൂത്രിത പ്രചരണങ്ങൾക്ക് അറുതിവരുത്താനാണ് ഈ വിവരം പുറത്തുവിടുന്നതെന്നും എന്നാല്‍ അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നെടുമാരൻ പറയുന്നു.
വണ്ണിക്കാടുകളിൽ വച്ച് പ്രഭാരനെ മുന്‍പ് പലതവണ കണ്ടിട്ടുണ്ട്. രാജപക്‌സെ വംശത്തെ താഴെയിറക്കിയ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം പ്രഭാകരന് വീണ്ടും തിരിച്ചുവരാൻ അനുകൂല അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. അതിനാൽ തമിഴ് ഈലം (രാഷ്‌ട്രം) നേടുന്നതിന് വേണ്ടിയും ഈ ജനതയുടെ വിമോചനത്തിന് വേണ്ടിയും അദ്ദേഹം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും നെടുമാരൻ വാദിക്കുന്നു.
ഇന്ത്യയ്‌ക്ക് ദോഷകരമാകുന്ന ഒന്നും അനുവദിക്കില്ലെന്ന നിലപാടാണ് പ്രഭാകരന്‍റേത്. അതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ശക്തമായ സാന്നിധ്യമുണ്ടാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ബെയ്‌ജിങ് ശ്രീലങ്കയെ ഇന്ത്യയ്‌ക്കെതിരായ ലോഞ്ച്‌പാഡാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.