കട്ടക്ക് : ഒഡിഷ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കണ്ടെത്തിയ വ്യാജ സിം കാർഡ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തല്‍. ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ പേരിലും പ്രതികൾ തട്ടിപ്പ് നടത്തി. ബിഎസ്എൻഎൽ നമ്പറിൽ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഓം ബിർളയുടെ പേരും ചിത്രവും ഉപയോഗിച്ച് ആളുകളിൽ നിന്നും പ്രതികൾ പണം തട്ടുകയായിരുന്നു.
ധെങ്കനാൽ ജില്ലയിലെ തലബർകോട്ട് ഗ്രാമത്തിൽ മൂന്ന് വ്യത്യസ്‌ത മൊബൈലുകളിൽ നിന്നും ഈ നമ്പർ തുടർച്ചയായി ഉപയോഗിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ സൈബർ സെൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിരുന്നു. വിവിധ സേവന ദാതാക്കളുടെ സിമ്മുകൾ പ്രതികൾക്ക് വിൽക്കുകയും അവ ആക്‌ടിവേറ്റ് ചെയ്‌തു നൽകുകയും ചെയ്‌തിരുന്ന സായ് പ്രകാശ് ദാസ്, അവിനാഷ് നായക് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
മൊബൈൽ ഫോണുകളുടെയും വ്യാജ സിം കാർഡുകളുടെയും വൻശേഖരം പ്രതികളിൽ നിന്നും കണ്ടെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ധെങ്കനാലിൽ നടത്തിയ റെയ്‌ഡിൽ 19,641 വ്യാജ സിം കാർഡുകളും 48 മൊബൈൽ ഫോണുകളും 14.32 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്.
തട്ടിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. ഡൽഹി പൊലീസാണ് ആദ്യം തട്ടിപ്പിനെ കുറിച്ചുള്ള സൂചന ഒഡിഷ ക്രൈം ബ്രാഞ്ചിന് നൽകിയത്.