മഥുര (യുപി): ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളിക്കെതിരെ ഹിന്ദുത്വ വലതുപക്ഷ സംഘടനയായ ഹിന്ദു വാഹിനിയുടെ അംഗങ്ങള്‍ പള്ളിക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് പിന്നാലെ ഉച്ചഭാഷിണി നീക്കം ചെയ്‌തു. ശനിയാഴ്‌ച രാവിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി ഹിന്ദു വാഹിനി അംഗങ്ങൾ പള്ളിക്ക് മുന്നിൽ ഒത്തുകൂടി ഹനുമാൻ ചാലിസ പാരായണത്തിന് തയ്യാറെടുത്തു. ഇതിനിടെ പള്ളിയില്‍ സ്ഥാപിച്ച ഉച്ചഭാഷിണി ഭാരവാഹികള്‍ നീക്കം ചെയ്യുകയായിരുന്നു.
വെള്ളിയാഴ്‌ച രാത്രി ലഭിച്ച പൊലീസ് ഉത്തരവിനെ തുടർന്നാണ് ഉച്ചഭാഷിണി നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് അഭിഭാഷകൻ അൻവർ ഹുസൈൻ ചൂണ്ടിക്കാട്ടി. 'ഉച്ചഭാഷിണികൾ ഓഫ് ചെയ്യണമെന്ന് രാത്രി തന്നെ പൊലീസ് എത്തി അറിയിച്ചിരുന്നു. ഇന്ന് രാവിലെ ചില സംഘടനകളിലെ ആളുകള്‍ പള്ളിക്ക് മുന്നില്‍ ഒത്തുകൂടി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ക്ക് അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരു പ്രക്ഷുബ്‌ധ അന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അതുകൊണ്ടാണ് ഞങ്ങൾ പള്ളിയിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്‌തത്,' അൻവർ ഹുസൈൻ വിശദീകരിച്ചു.
അതേസമയം, പ്രദേശത്ത് മുസ്‌ലിമുകള്‍ താമസിക്കുന്നില്ലെന്നും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് പള്ളിയില്‍ ഉച്ചഭാഷിണി സ്ഥാപിച്ചതെന്നും ഹിന്ദു വാഹിനി വക്താവ് ശ്യാം സുന്ദർ ഉപാധ്യായ അവകാശവാദം ഉന്നയിച്ചു. 'മുസ്‌ലിമുകള്‍ ഇല്ലാത്ത ഒരു പ്രദേശത്ത് ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവർ 5 നേരവും ബാങ്ക് വിളിക്കുന്നത്. ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിശോധിക്കാമെന്ന് ഭരണസമിതി ഉറപ്പ് നൽകിയിരുന്നു.
നിശബ്‌ദത പാലിക്കുമെന്ന് അവർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അത് പാലിക്കുകയാണെങ്കില്‍ ഞങ്ങളും സഹകരിക്കും, അല്ലെങ്കിൽ ഞങ്ങൾ ദിവസം മുഴുവൻ ഇവിടെ പരിപാടി നടത്തും,' ശ്യാം സുന്ദർ ഉപാധ്യായ പറഞ്ഞു.