റായ്‌ഗഡ്/ഛത്തീസ്‌ഗഡ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായി സാക്ഷാൽ 'പരമശിവൻ'. ഛത്തീസ്‌ഗഡിലെ റായ്‌ഗഡിലെ തഹസിൽ കോടതിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. കേസിലെ മറ്റ് ഒൻപത് പ്രതികളോടൊപ്പം റിക്ഷയിലെത്തിയാണ് ശിവന്‍റെ വിഗ്രഹവും കോടതിയിൽ ഹാജരായത്.
എന്നാൽ കോടതിയിൽ മറ്റ് പ്രതികൾക്കൊപ്പം ശിവനും ഹാജരായത് കണ്ട തഹസിൽദാർ വാദം കേൾക്കാനായി കേസ് ഏപ്രിൽ 13ലേക്ക് മാറ്റി. ഭൂമിയും കുളവും കൈവശം വച്ചതുമായി ബന്ധപ്പെട്ട് റായ്‌ഗഡ് നായിബ് തഹസിൽ ഓഫീസിൽ നിന്നാണ് 10 പേർക്ക് നോട്ടീസ് നൽകിയത്. പ്രദേശത്ത് 16 പേർ സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വാർഡ് നമ്പർ 25ൽ താമസിക്കുന്ന സുധ രാജ്‌വാഡെ ബിലാസ്‌പൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി സംസ്ഥാന സർക്കാരിനോടും തഹസിൽദാറുടെ ഓഫീസിനോടും അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.
ALSO READ: മദ്യപിച്ചെത്തി പൊലീസിനു നേരെ കയ്യേറ്റവും അസഭ്യവര്‍ഷവും; യുവതിയുടെ വീഡിയോ വൈറല്‍
തുടർന്ന് ഓഫീസ് അന്വേഷണ സംഘം രൂപീകരിച്ച് 3 ദിവസത്തെ അന്വേഷണം നടത്തി. അന്വേഷണത്തിൽ 10 പേർ ഭൂമിയും കുളവും കൈയേറിയതായി കണ്ടെത്തി. ഈ സ്ഥലത്ത് ഉൾപ്പെട്ടതായിരുന്നു ശിവക്ഷേത്രവും. എന്നാൽ ക്ഷേത്രത്തിന്‍റെ ട്രസ്റ്റിക്കോ, മാനേജർക്കോ, പൂജാരിക്കോ നോട്ടീസ് അയക്കുന്നതിന് പകരം ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ ശിവന്‍റെ പേരിലാണ് കോടതിയിൽ ഹാജരാകുന്നതിനുള്ള നോട്ടീസയച്ചത്. ഇതോടെയാണ് ശിവ പ്രതിഷ്‌ഠ കോടതിയില്‍ ഹാജരാക്കിയത്.