ന്യൂഡൽഹി: ലോക്‌സഭയിലെ എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശം നൽകി ലോക്‌സഭ സ്‌പീക്കർ ഓം ബിർള. പാർലമെന്‍റിൽ മാസ്‌ക് ധരിച്ചെത്തിയാണ് പാർലമെന്‍റ് അംഗങ്ങൾക്ക് സ്‌പീക്കർ നിർദേശം നൽകിയത്. ചില രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്‌പീക്കറുടെ നിർദേശം.
പകർച്ചവ്യാധിയുടെ മുൻകാല വ്യാപനം കണക്കിലെടുത്ത് നാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ചെയർമാൻ ജഗ്‌ദീപ് ധൻഖറും സമാനമായ നിർദേശം നൽകി.
സമാനമായ നിർദേശവുമായി ജഗ്‌ദീപ് ധൻഖർ: ലോകത്ത് വർധിച്ചുവരുന്ന കൊവിഡ് -19 കേസുകൾ കണക്കിലെടുത്ത് എംപിമാരോട് മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും രാജ്യസഭ ചെയർമാനും ഇന്ത്യയുടെ വൈസ് പ്രസിഡന്‍റുമായ ജഗ്‌ദീപ് ധൻഖർ നിർദേശിച്ചു. ഇന്ന് സഭ ചേർന്നപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ലോകത്ത് വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജനങ്ങൾക്ക് മാതൃകയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്‍റെയും ഡോക്‌ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയുമൊക്കെ കൂട്ടായ പരിശ്രമം മൂലമാണ് നാം മുൻകാലങ്ങളിൽ കൊവിഡിനെ അതിജീവിച്ചത്. രണ്ട് ബില്യണിലധികം ഡോസ് സൗജന്യ കൊവിഡ് വാക്‌സിനുകൾ റെക്കോർഡ് സമയത്തിനുള്ളിൽ നൽകപ്പെട്ടു.
ഇവ ഡിജിറ്റലായി റെക്കോർഡ് ചെയ്യുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്‌തു. അത്തരത്തിൽ സമാനതകളില്ലാത്ത നിലയിലാണ് ഇന്ത്യ കൊവിഡിനെ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, കോവിഡ് സാഹചര്യം ഭയാനകമായിക്കൊണ്ടിരിക്കുകയാണ്. നാം ജാഗ്രത പാലിക്കണം. സഭയ്‌ക്കുള്ളിലും മാസ്‌ക് ധരിക്കണമെന്നും രാജ്യത്തെ മാതൃകാപരമായി നയിക്കണമെന്നും അദ്ദേഹം അംഗങ്ങളോട് അഭ്യർഥിച്ചു.