ന്യൂഡൽഹി : സംഘടനാ സാന്നിധ്യം ശക്തമല്ലാത്ത പ്രദേശങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ബിജെപിയുടെ "ബൂത്ത് എംപവര്‍മെന്‍റ് ക്യാമ്പയിനിംഗ്" ന്‍റെ ദേശീയ തലത്തിലുള്ള യോഗം ചേര്‍ന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു യോഗം.
രാജ്യത്തുടനീളം സംഘടനാസാന്നിധ്യം കുറവുള്ള 74,000 ബൂത്തുകളുടെ പ്രവര്‍ത്തനം ശക്തമാക്കാനാണ് പദ്ധതി. അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ ബൂത്തുകളിൽ ബിജെപി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സംഘടനയിൽ എവിടെയൊക്കെ പോരായ്മകളുണ്ടായാലും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പരിഹരിക്കും.
ക്യാമ്പയിനിങ് മെയ് 31 വരെ നീളും. കമ്മിറ്റിയില്‍ ജെപി നദ്ദയെ കൂടാതെ, പാര്‍ട്ടി വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, ജനറല്‍ സെക്രട്ടറി സി ടി രവി, എസ് സി എസ് ടി മോര്‍ച്ച തലവന്‍ ലാല്‍ സിംഗ് ആര്യ എന്നിവരാണ് പ്രധാന അംഗങ്ങള്‍.
രാജ്യത്തെ പ്രവര്‍ത്ത രഹിതമായി കിടക്കുന്ന 100 ബുത്തുകള്‍ അതത് പ്രദേശത്തെ ഒരു എം.പിയുടെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിക്കണം. ഇതിനായി 30 പേര്‍ അടങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിക്കും. എംഎല്‍എ മാര്‍ക്ക് 10 ബൂത്തുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ദുർബലമായ ബൂത്തുകൾ കണ്ടെത്തിയത്. ഈ ബൂത്തുകളെ ജനസംഖ്യാശാസ്‌ത്രം, സംഘടനാ ശക്തി, മറ്റ് ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
2016ല്‍ സമാന രീതിയില്‍ കേരളം, ഒഡിഷ, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിലായി 115 ഓളം മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നു. അന്ന് പൂര്‍ണമായി വിജയിച്ചില്ലെങ്കിലും ഇതിന്‍റെ ഗുണം ഒഡിഷയിലും പശ്ചിമ ബംഗാളിലും പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.