ന്യൂഡൽഹി: ഒബിസി ബിൽ ലോക്‌സഭ പാസാക്കി. ഒബിസി പട്ടിക തയാറാക്കുന്നതിനും പരിപാലിക്കുന്നതിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ബിൽ ആണ് സഭ പാസാക്കിയത്. 385 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു.
ഭരണഘടന (നൂറ്റിയിരുപത്തിയേഴാം ഭേദഗതി) ബിൽ, 2021 എതിരില്ലാതെയാണ് പാസായത്. ബിൽ പാസാക്കുന്നതിൽ സർക്കാരിനോട് ഐക്യപ്പെടാൻ തീരുമാനിച്ച പ്രതിപക്ഷം ബിൽ പാസാക്കാൻ പ്രതിഷേധം നിർത്തിവച്ചു. പെഗാസസ് ആരോപണത്തിൽ അന്വേഷണവും കാർഷിക നിയമങ്ങളുടെ റദ്ദാക്കലും ആവശ്യപ്പെട്ട് സഭയുടെ വർഷകാല സമ്മേളനം ആവശ്യപ്പെട്ടപ്പോൾ മുതൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിലാണ്.
Also Read: പെഗാസസ് റിപ്പോർട്ടിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയം
2018 ഓഗസ്റ്റിൽ ദേശീയ പിന്നാക്ക സമുദായ കമ്മിഷന് ഭരണഘടന പദവി നൽകുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയിരുന്നു. എന്നാൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടാണ് സർക്കാർ ബിൽ പാസാക്കിയതെന്ന് കോൺഗ്രസ് നേതാവ് അദിർ രഞ്ജൻ ചൗധരി പറഞ്ഞു. ഭരണഘടന (നൂറ്റി രണ്ടാം ഭേദഗതി) ബിൽ, 2018 പാസാക്കിയപ്പോൾ സർക്കാർ പ്രതിപക്ഷ നിർദ്ദേശങ്ങൾക്ക് ചെവികൊടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഈ ബിൽ കൊണ്ടുവരേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.