മുംബൈ: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് രണ്ടോ മൂന്നോ ആഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. സാഹചര്യങ്ങൾ നിയന്ത്രണവിധേയം ആയില്ലെങ്കിൽ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികൾ നിറയുന്നതുമായ ഒരു സാഹചര്യം ഉണ്ടായാൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നും നിലവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് രോഗ വ്യാപനം തടയാനാവും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
Read More:മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണില്‍ അതൃപ്‌തിയുമായി വ്യാപാരികള്‍
കൊവിഡ് വ്യാപനം സംസ്ഥാന സർക്കാരിന്‍റെ വീഴ്‌ചയാണെന്ന കേന്ദ്ര മന്ത്രി ഹർഷ വർധന്‍റെ ആരോപണം മന്ത്രി തള്ളി. കണക്കുകൾ മറച്ചുവെക്കാത്തതിനാലാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്. പരിശോധന, സമ്പർക്കം കണ്ടെത്തൽ, ചികിത്സ എന്ന രീതിയിലാണ് നിലവിൽ സർക്കാർ രോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. കേന്ദ്രം നിർദ്ദേശിച്ച എല്ലാ പ്രോട്ടോക്കോളുകളും സംസ്ഥാനം പാലിച്ചിട്ടുണ്ട്. വാക്സിനുകൾ അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ വിവേചനം കാണിച്ചെന്നും മന്ത്രി ആവർത്തിച്ചു.
Read More:മഹാരാഷ്‌ട്രയിൽ കൊവിഡ് വ്യാപനത്തിന് കാരണം അതിഥി തൊഴിലാളികളാണെന്ന് രാജ് താക്കറെ
മുംബൈയിലെ 120 വാക്‌സിൻ കേന്ദ്രങ്ങളിൽ 70 എണ്ണവും സ്റ്റോക്കില്ലാത്തതിനാൽ അടച്ചുപൂട്ടി. ഇതുവരെ മഹാരാഷ്ട്രയ്ക്ക് 1.04 കോടി വാക്സിൻ ഡോസുകളാണ് ലഭിച്ചത്. ആഴ്‌ചയിൽ 40 ലക്ഷം വാക്‌സിനുകൾ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ ലഭിച്ചാൽ ദിവസം ആറുലക്ഷം എന്ന നിലയിൽ വാക്‌സിനേഷൻ ഉയർത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ 56,286 കേസുകളാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത്. ഏപ്രിൽ 30 വരെ സംസ്ഥാനത്ത് സർക്കാർ വാരാന്ത്യ ലോക്ക്ഡൗണ്‍, രാത്രികാല കർഫ്യു തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.