ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് സാമ്പത്തിക തട്ടിപ്പിനിരയായ കുടുംബങ്ങള്‍ 39 ശതമാനത്തോളമാണെന്നും അതില്‍ 24 ശതമാനം പേര്‍ക്ക് മാത്രമെ തങ്ങളുടെ തുക തിരികെ ലഭിച്ചിട്ടുള്ളുവെന്നും ഓണ്‍ലൈന്‍ സര്‍വേ സ്ഥാപനമായ ലോക്കല്‍ സര്‍ക്കിള്‍ റിപ്പോര്‍ട്ട്. തട്ടിപ്പിനിരയായ കുടുംബങ്ങളില്‍ 23 ശതമാനം ആളുകളും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴിയോ 13 ശതമാനം ആളുകള്‍ വാങ്ങല്‍, വില്‍ക്കല്‍ തുടങ്ങിയ ഇടപാടുകള്‍ വഴിയും കബളിപ്പിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 13 ശതമാനം ആളുകളും ഏതെങ്കിലും വെബ്‌സൈറ്റുകള്‍ വഴി സാധനസാമഗ്രികള്‍ വിലകൊടുത്ത് ഓര്‍ഡര്‍ ചെയ്‌ത ശേഷം കൃത്യമായി ഡെലിവറി ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടത്.
ശേഷം, 10 ശതമാനം ആളുകളും എടിഎം അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പിന് ഇരയായവരാണ്. മിച്ചമുള്ള 16 ശതമാനം ആളുകളും മറ്റേതെങ്കിലും തരത്തിലാണ് കബളിപ്പിക്കപ്പെട്ടത്. ആകെയുള്ള 39 ശതമാനം പേരില്‍ 30 ശതമാനവും ഒരു കുടുംബത്തിലെ ഏതെങ്കിലും ഒരാളായിരിക്കും കബളിപ്പിക്കപ്പെട്ടിട്ടുണ്ടാവുക.
തട്ടിപ്പിനിരയാവാത്തത് 57 ശതമാനം പേര്‍: മിച്ചമുള്ള ഒന്‍പത് ശതമാനത്തോളം പേര്‍ ഒരേ കുടുംബത്തിലെ തന്നെ ഒന്നിലധികം അംഗങ്ങളായിരിക്കും. 39 ശതമാനത്തോളം എന്ന കണക്കില്‍ ഉള്‍പെടാത്ത 57 ശതമാനം ആളുകളും തട്ടിപ്പിനിരയാവാത്തതിനെ തുടര്‍ന്ന് നന്ദിയറിയിച്ചു. എന്നാല്‍, ശേഷിക്കുന്ന നാല് ശതമാനത്തോളം ആളുകള്‍ കൃത്യമായി പ്രതികരിച്ചിട്ടില്ലെന്ന് ഓണ്‍ലൈന്‍ സര്‍വേ സ്ഥാപനമായ ലോക്കല്‍ സര്‍ക്കിള്‍ അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ 331 ജില്ലകളില്‍ നിന്നായി 32,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. അതില്‍ 66 ശതമാനം പുരുഷന്മാരും 34 ശതമാനത്തോളം സ്‌ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനത്തോളം പേരും ഒന്നാം ഘട്ടത്തിലും, രണ്ടാം ഘട്ടത്തില്‍ 35 ശതമാനം ആളുകളും, മൂന്നും നാലും ഘട്ടത്തില്‍ ഗ്രാമീണ ജില്ലകളില്‍ നിന്ന് 26 ശതമാനത്തോളം ആളുകളെയുമാണ് പഠനത്തിനായി ഉള്‍പെടുത്തിയിരിക്കുന്നത്.
തട്ടിപ്പിനിരയായ 24 ശതമാനത്തോളം വരുന്ന 11,305 ആളുകള്‍ക്കും അവരുടെ പണം തിരികെ ലഭിക്കുമെന്നതില്‍ ഉറപ്പുണ്ട്. എന്നാല്‍, 70 ശതമാനം ആളുകള്‍ക്കും നഷ്‌ടപ്പെട്ടുപോയ തങ്ങളുടെ പണം തിരികെ ലഭിക്കുമെന്നതിനെക്കുറിച്ച് യാതൊരു വിധ ഉറപ്പുമില്ല. തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് 41 ശതമാനം ആളുകള്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്ക്: 17 ശതമാനം ആളുകള്‍ നിസഹായരാണ്. 12 ശതമാനത്തോളം ആളുകളും തട്ടിപ്പിനെതിരെ പരാതി നല്‍കുന്നില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ശേഷിക്കുന്ന ആറ് ശതമാനത്തോളം ആളുകളും വ്യക്തമായ പ്രതികരണം നല്‍കിയിട്ടില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2022 വര്‍ഷത്തില്‍ നിന്നും 2023 വര്‍ഷമെത്തിയപ്പോള്‍ തട്ടിപ്പിനെതിരെ പരാതി നല്‍കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിലൂടെ തട്ടിപ്പിനിരയായവര്‍ 18 ശതമാനത്തില്‍ നിന്നും 23 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
തട്ടിപ്പിനിരയായെങ്കിലും പണം തിരികെ വാങ്ങാന്‍ കെല്‍പ്പുള്ള കുടുംബങ്ങള്‍ 2022 വര്‍ഷത്തില്‍ നിന്നും 2023 വര്‍ഷമെത്തിയപ്പോള്‍ 17ല്‍ നിന്നും 24 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 12 മാസത്തിനിടെ തട്ടിപ്പിനിരയായവരെ സഹായിക്കുന്നതില്‍ അധികാരികള്‍ കൃത്യമായ ഇടപെടല്‍ നടത്തിയെന്നതിന്‍റെ സൂചനയാണിത്.