പട്ന: ബിഹാറിലെ ഒരു രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ ആർജെഡി എറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങാതെ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് എൽജെപി ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി. അതേസമയം പിന്തുണ നൽകിയതിന് പ്രതിപക്ഷ പാർട്ടിയോട് നന്ദിയും അറിയിച്ചു.ഈ സീറ്റ് ബഹുമാന്യനായ നേതാവ് അന്തരിച്ച രാം വിലാസ് പാസ്വാൻജിക്ക് വേണ്ടി നീക്കിവച്ചിരിക്കുകയാണെന്നും ആ സീറ്റില്‍ ആര് മത്സരിക്കണം എന്നത് ബിജെപി തീരുമാനിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍റെ നിര്യാണത്തെത്തുടർന്ന് ബിഹാറിൽ നിന്നുള്ള രാജ്യസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഡിസംബർ 3 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ആരംഭിക്കും. ഡിസംബർ 14 ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സുശീൽ കുമാർ മോദി ഡിസംബർ മൂന്നിന് നാമനിർദേശം സമർപ്പിക്കും.