ഡെറാഡൂൺ: "എന്നെ സ്നേഹിച്ചുവെന്ന് നിങ്ങൾ നുണ പറയാറുണ്ടായിരുന്നു. നിങ്ങൾ രാജ്യത്തെ സ്നേഹിച്ചു, അറിയാത്ത ആളുകൾക്ക് വേണ്ടി ജീവൻ നൽകിയത് കണ്ട് എനിക്ക് നിങ്ങളോട് അസൂയയുണ്ട്. എന്‍റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ സ്‌നേഹിക്കും. സഹതാപം കാണിക്കരുതെന്ന് ഞാൻ ആളുകളോട് പറയും. എല്ലാവരോടും അദ്ദേഹത്തെ സല്യൂട്ട് ചെയ്യാൻ ഞാൻ പറയും"
പുൽവാമ രക്തസാക്ഷി മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്‍റെ ഭാര്യ നിതിക കൗളിന്‍റെ വാക്കുകളാണിത്. 2019 ഫെബ്രുവരി 14നാണ് ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ മേജർ വിഭുതി ശങ്കർ ധൗണ്ടിയാൽ വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 19ന് ഡെറാഡൂണിൽ മേജർ വിഭുതിയുടെ മൃതദേഹത്തിനടുത്ത് നിൽക്കുമ്പോൾ ഭാര്യ നിതിക പറഞ്ഞ വാക്കുകൾ രാജ്യത്തെ മുഴുവൻ കണ്ണീരിലാഴ്‌ത്തി. പക്ഷേ ആ വാക്കുകൾ ഏറെ ധൈര്യം നിറഞ്ഞതായിരുന്നു. രാജ്യത്തെ ഓരോ സ്ത്രീക്കും ക്ഷമ നൽകിയ വാക്കുകളായിരുന്നു നിതികയുടേത്.
ALSO READ: സംസ്ഥാനത്ത് ഇരട്ട മാസ്ക് നിര്‍ബന്ധം, പുതിയ വൈറസ് വകഭേദവും വ്യാപിക്കുന്നു
'ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാനും നിങ്ങളെപ്പോലെ സൈന്യത്തിൽ ചേരും, ഇത് എന്‍റെ ഉറപ്പാണ്.' മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ഭർത്താവിന്‍റെ ശരീരത്തിൽ ചുംബിച്ച് കൊണ്ട് നിതിക പറഞ്ഞ വാക്കുകളാണിത്. നോയിഡയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന നിതിക. 2019 ഡിസംബറിൽ ജോലി ഉപേക്ഷിച്ച് അലഹബാദിൽ വനിത പ്രത്യേക പ്രവേശന പദ്ധതി പരീക്ഷയെഴുതി. സ്ക്രീനിങ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, ഇന്‍റർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയിലെല്ലാം വിജയിച്ചു. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ (ഒടിഎ) നിന്ന് നിതികയ്ക്ക് കോൾ ലെറ്റർ ലഭിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം നിതിക സൈനിക യൂണിഫോം ധരിച്ച് ഔദ്യോഗികമായി ലെഫ്റ്റനന്‍റായി ചുമതലയേറ്റു.
നിതികയും വിഭുതിയും കോളജിൽ വച്ചാണ് പരസ്‌പരം കണ്ടുമുട്ടിയത്. 2018 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒൻപത് മാസം പിന്നിടുമ്പോഴാണ് വിഭുതി ശങ്കർ ധൗണ്ടിയാൽ വീരചരമം പ്രാപിക്കുന്നത്. നിതിക സൈന്യത്തിൽ ചേർന്നതിൽ ഏറെ സന്തോഷവതിയാണ് ഭർതൃ മാതാവ് സരോജ് ധൗണ്ടിയൽ. മകൻ സൈന്യത്തിൽ ആയിരുന്നതിൽ ഏറെ അഭിമാനിക്കുന്നു. ഇപ്പോൾ മരുമകളും ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായിത്തീർന്നു. അതേസമയം കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് നിതികയുടെ തോളിലെ നക്ഷത്രത്തിൽ തൊടാൻ സാധിക്കാത്തതിൽ സരോജ് ധൗണ്ടിയയ്‌ക്ക് ഏറെ വിഷമമാണ്.
ALSO READ: ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി
പ്രിയപ്പെട്ടവനെ നഷ്‌ടപ്പെട്ടിട്ടും നിതിക തന്‍റെ ധൈര്യം കാത്തുസൂക്ഷിച്ചു. അർപ്പണബോധം, ധൈര്യം, അഭിനിവേശം, കഠിനാധ്വാനം എന്നിവയിലൂടെ ഒരു വ്യക്തിക്ക് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നിതിക കൗൾ. തന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് നിതിക. ഭർത്താവിനെ പോലെ നിതികയും ഇനി രാജ്യത്തെ സേവിക്കും.