ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി 17ന് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്യും. മെയ് നാലിന് ആരംഭിക്കുന്ന പ്രഥമ ഓഹരി വില്‍പന അവസാനിച്ച് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ലിസ്റ്റ് ചെയ്യുക. എൽഐസിയിലെ 22.13 കോടിയിലധികം വരുന്ന ഓഹരികള്‍ 902-949 രൂപ നിരക്കിൽ സര്‍ക്കാര്‍ വില്‍ക്കും.
സെബിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് 16 നകം തന്നെ ലേലക്കാരുടെ അക്കൗണ്ടിലേക്ക് ഷെയറുകളെത്തും. അതിന് ശേഷമാവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇക്വിറ്റി ഷെയറുകളുടെ ട്രേഡിംഗ് ആരംഭിച്ച് മെയ് 17 ന് ലിസ്റ്റ് ചെയ്യുക. നിക്ഷേപകർ മെയ് 2 ന് ഓഹരി വിൽപ്പനയ്‌ക്കായി ലേലം വിളിക്കുമ്പോൾ, ഇഷ്യു ഇൻസ്റ്റിറ്റ്യൂഷണൽ, റീട്ടെയിൽ ബയർമാരുടെ സബ്‌സ്‌ക്രിപ്‌ഷൻ മെയ് 4 ന് തുടങ്ങി മെയ് 9 ന് അവസാനിക്കും.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്‍റെ (എൽഐസി) 22,13,74,920 ഓഹരികളാണ് സർക്കാർ വിറ്റ് അതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 9.88 കോടിയിലധികം ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയർമാർക്കും (ക്യുഐബികൾ) 2.96 കോടിയിലധികം ഓഹരികൾ നോൺ-ഇൻസ്റ്റിറ്റിയൂഷണൽ ബയർമാർക്കുമായി നീക്കിവച്ചിരിക്കുന്നു.
റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും ഒരു ഷെയറിന് 45 രൂപ കിഴിവ് ലഭിക്കുമ്പോൾ, ഐപിഒയിൽ ലേലം ചെയ്യുന്ന എൽഐസി പോളിസി ഉടമകൾക്ക് ഒരു ഷെയറിന് 60 രൂപ കിഴിവ് ലഭിക്കും.