ജമ്മു: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബയും നിരോധിത സംഘടനയായ ടിആർഎഫും ആണെന്ന് റിപ്പോർട്ട്. സ്‌ഫോടനം നടത്താൻ ഉപയോഗിച്ച ഡ്രോണുകളിൽ ഏകദേശം 1.5 കിലോഗ്രാം ആർഡിഎക്സ് ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
ജിപിഎസ് വഴിയാണ് ഡ്രോണുകൾ പ്രവർത്തിപ്പിച്ചതെന്നാണ് വിവരം. നിലവിൽ എയർഫോഴ്‌സ് സ്റ്റേഷൻ ആക്രമണം അന്വേഷിക്കുന്നത് എൻഐഎ ആണ്. ജൂൺ 27 നാണ് ജമ്മുവിലെ വ്യോമസേന താവളത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നത്. സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രണ്ട് പേർക്ക് സാരമായ പരിക്കേറ്റു.ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഒന്ന് കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ നാശനഷ്‌ടമുണ്ടാക്കിയതായും മറ്റൊന്ന് തുറസായ സ്ഥലത്ത് പൊട്ടിത്തെറിച്ചതായും കണ്ടെത്തി. ദേശീയ സുരക്ഷാ ഗാർഡിന്‍റെ (എൻഎസ്‌ജി) പ്രത്യേക ബോംബ് സ്‌ക്വാഡ് സംഘം സംഭവസ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
read more:ജമ്മു ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും
read more:ജമ്മു എയർഫോഴ്‌സ് സ്റ്റേഷൻ സ്ഫോടനം : പത്താൻകോട്ടിൽ അതീവ ജാഗ്രത