ഉയർന്ന രക്തസമ്മർദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, അമിതഭാരം എന്നിവയാണ് ഹൃദ്രോഗത്തിന്‍റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. എന്നാൽ ഈ ഘടകങ്ങൾ ഒന്നും തന്നെ ഇല്ലാതെയും പലർക്കും ഹൃദയാഘാതമുണ്ടാകാറുണ്ട്. സന്ധിവാതം, സോറിയാസിസ്, ആമാശയ നീർക്കെട്ട്, റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിട്ടുമാറാത്ത വീക്കമാണ് (chronic inflammation) ഇവയുടെ പൊതുവായുള്ള ലക്ഷണം.
വാസ്‌തവത്തിൽ ചില ഗവേഷകർ ഹൃദയ സംബന്ധമായ അസുഖങ്ങളെ ധമനികളുടെ വിട്ടുമാറാത്ത കോശജ്വലന (Inflammatory) രോഗമായി വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നു. ശാസ്‌ത്രജ്ഞർ ഇതിനെ രക്തപ്രവാഹത്തിന്‍റെ ഹൃദയസംബന്ധമായ രോഗത്തിന്‍റെ (Atherosclerotic cardiovascular disease -ASCVD) കോശജ്വലന സിദ്ധാന്തം എന്ന് വിളിക്കുന്നു. നമ്മുടെ ധമനികളുടെ ഭിത്തികളിൽ ഫാറ്റി പ്ലാക്കുകൾ വികസിക്കുകയും അവയെ ദൃഢമാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അഥീറോസ്‌ക്ലിറോസിസ് (Atherosclerosis).
ഹൃദയത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം നൽകുന്ന ധമനികളിൽ ഇത് സംഭവിക്കുമ്പോൾ, അതിനെ കൊറോണറി ആർട്ടറി ഡിസീസ് എന്ന് വിളിക്കുന്നു. എഎസ്‌സിവിഡി (ASCVD) ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം നൽകാതെ ഹൃദയാഘാതത്തിനും തലച്ചോറിലേക്ക് വേണ്ടത്ര രക്തം നൽകാതെ ഇസ്കെമിക് സ്ട്രോക്കുകൾക്കും കാരണമാകും. എഎസ്‌സിവിഡി ഒരു കോശജ്വലന അവസ്ഥയാണെന്ന് മനസിലാക്കാൻ ഈ പ്രക്രിയ എങ്ങനെ ആരംഭിക്കുന്നുവെന്നത് നാം പരിഗണിക്കേണ്ടതുണ്ട്.
ധമനികളിലെ കോശങ്ങളുടെ ഒറ്റ പാളിയായ എൻഡോതെലിയത്തിന് ഏതെങ്കിലും തരത്തിലുള്ള പരിക്കേൽക്കുന്നതാണ് അഥീറോസ്‌ക്ലിറോസിസ് വികസിക്കുന്നതിന്‍റെ ആദ്യ ഘട്ടം. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന വിഷവസ്‌തുക്കൾ ധമനികളുടെ പാളിയെ പ്രകോപിപ്പിക്കുകയും ഇത് എൻഡോതെലിയത്തിന്‍റെ പരിക്കിന് കാരണമാവുകയും ചെയ്യും.
എൻഡോതെലിയൽ (Endothelial) കോശങ്ങൾക്ക് പരിക്കേൽക്കുമ്പോൾ, രോഗപ്രതിരോധ സംവിധാനത്തിന്‍റെ പ്രധാന ഘടകമായ വെളുത്ത രക്താണുക്കളെ സൈറ്റിലേക്ക് ആകർഷിക്കുന്ന രാസ സന്ദേശങ്ങൾ അവ പുറത്തുവിടുന്നു. ഈ വെളുത്ത രക്താണുക്കൾ ധമനിയുടെ ഭിത്തിയിൽ പ്രവേശിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.
ധമനിയുടെ ഭിത്തികളിലെ കൊളസ്‌ട്രോളും വെളുത്ത രക്താണുക്കൾ വിനിയോഗിക്കുന്നു. ഇത് രക്തപ്രവാഹത്തിന്‍റെ ആദ്യത്തെ ലക്ഷണമായ ഫാറ്റി സ്ട്രീക്കുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. ഫാറ്റി സ്ട്രീക്കുകൾ നമ്മുടെ ശരീരത്തിൽ ചെറുപ്പത്തിൽ തന്നെ രൂപപ്പെടാൻ തുടങ്ങും. 20 വയസ് ആകുമ്പോഴേക്കും ഭൂരിഭാഗം പേർക്കും ധമനികളിൽ ഫാറ്റി സ്ട്രീക്കുകളുടെ ചില തെളിവുകൾ ഉണ്ടാകാം.
എൻഡോതെലിയൽ സെല്ലിലെ കേടുപാടുകൾ, വെളുത്ത രക്താണുക്കളുടെ നുഴഞ്ഞുകയറ്റം, വിട്ടുമാറാത്ത വീക്കം എന്നിവയോടെ ഈ പ്രക്രിയ വർഷങ്ങളോളം നിശബ്‌ദമായി തുടരാം. ഇത് ഒടുവിൽ ധമനികളിൽ കൊഴുപ്പിന്‍റെ (plaque) രൂപീകരണത്തിലേക്ക് നയിക്കുന്നു. വിട്ടുമാറാത്ത കോശജ്വലന അവസ്ഥകൾ അനുഭവിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇതിലൂടെ മനസിലാക്കാം.
ഹൃദയത്തിനും തലച്ചോറിനും രക്‌തം വിതരണം ചെയ്യുന്ന ധമനികളുടെ ദീർഘകാല വീക്കം ഒടുവിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. ഹൃദയത്തിലേക്ക് രക്‌തം വിതരണം ചെയ്യുന്ന ധമനിയിലെ കൊഴുപ്പ് അസ്ഥിരമാകുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. ഹൃദയാഘാതം അനുഭവപ്പെടുന്ന ആളുകൾക്ക് ഇതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ വീക്കം, കൊഴുപ്പിന്‍റെ അസ്ഥിരത എന്നിവ വർധിക്കുന്നു. ഈ അസ്ഥിരമായ കോശജ്വലന പ്രക്രിയ അതിന്‍റെ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ഹൃദയാഘാതവും ഹൃദയപേശികൾക്ക് നാശവും ഉണ്ടാകുന്നു.
ധമനികളിലെ വീക്കം മനസിലാക്കാൻ : ശരീരത്തിലെ വീക്കം അളക്കാൻ ഒരു മാർഗമുണ്ട്. ഹൈ-സെൻസിറ്റിവിറ്റി സി-റിയാക്‌ടീവ് പ്രോട്ടീൻ (എച്ച്എസ്-സിആർപി) എന്ന രക്തപരിശോധനയാണ് ഇതിനുള്ള ഒരു മാർഗം. ഉയർന്ന അളവിലുള്ള എച്ച്എസ്-സിആർപി ഉള്ള ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എൽഡിഎൽ-കൊളസ്‌ട്രോളിന്‍റെ വർധനവ് എഎസ്‌സിവിഡിയുടെ അപകടകരമായ ഘടകമാണ്.
എൽഡിഎൽ കൊളസ്ട്രോളും എച്ച്എസ്-സിആർപിയും ഉയർന്ന അളവിലുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നേരത്തെ കാന്‍റോസ് (Cantos) എന്ന ഒരു വലിയ ക്ലിനിക്കൽ ട്രയൽ രോഗികളെ കാനകിനുമാബ് (canakinumab) എന്ന ആൻറി-ഇൻഫ്ലമേറ്ററി മരുന്ന് ഉപയോഗിച്ച് ചികിത്സിച്ചുകൊണ്ട് കോശജ്വലന സിദ്ധാന്തം പരീക്ഷിച്ചു.
ഈ ആൻറി-ഇൻഫ്ലമേറ്ററി മരുന്നിന്‍റെ ഉപയോഗം എച്ച്എസ്-സിആർപിയുടെ അളവ് കുറയ്ക്കുകയും ഈ രോഗികൾ അനുഭവിക്കുന്ന ഹൃദയാഘാതങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്‌തു. എന്നാൽ മരുന്ന് സ്വീകരിക്കുന്നവരിൽ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്താനായി. ഇതിനാൽ തന്നെ എഎസ്‌സിവിഡി ചികിത്സയ്ക്കായി കനകിനുമാബ് അടുത്തൊന്നും വ്യാപകമായി ഉപയോഗിക്കാൻ സാധ്യതയില്ലെന്നും ഗവേഷകർ വ്യക്‌തമാക്കുന്നു.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താം : അതേസമയം മരുന്നുകളെ ആശ്രയിക്കാതെ തന്നെ നമ്മുടെ ധമനികളിലെ വീക്കം കുറയ്ക്കാൻ സാധിക്കും.ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒന്നുകിൽ പ്രോ-ഇൻഫ്ലമേറ്ററി അല്ലെങ്കിൽ ആന്‍റി-ഇൻഫ്ലമേറ്ററി ആയി കണക്കാക്കാം. സിഗരറ്റിലെ വിഷാംശം ശരീരത്തിന് ദോഷകരമായതിനാൽ പുകവലി പ്രോ-ഇൻഫ്ലമേറ്ററിയിലാണ് പെടുന്നത്.
രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, അൾട്ര പ്രോസസ് ചെയ്‌ത ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം എന്നിവയും നമ്മുടെ ധമനികളിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കും. നേരെമറിച്ച് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ആന്‍റി-ഇൻഫ്ലമേറ്ററി ആയാണ് കണക്കാക്കുന്നത്. കൂടാതെ വ്യായാമം ധമനികളിലെ വീക്കം കുറയ്‌ക്കാൻ സഹായകമാകുന്നുണ്ട്.
ഹൃദ്രോഗ സാധ്യതയുടെ പരമ്പരാഗത കാരണങ്ങളായ രക്തസമ്മർദം, കൊളസ്ട്രോൾ, ബോഡി മാസ് സൂചിക എന്നിവ ആരോഗ്യകരമായി നിലനിർത്തേണ്ടതും പ്രധാനമാണ്. ആന്‍റി-ഇൻഫ്ലമേറ്ററി രീതികൾ തെരഞ്ഞെടുക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിലൂടെയും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയും.