ഭുവനേശ്വർ : ഒഡീഷയിലെ നയാഗർ ജില്ലയിൽ വന്യജീവി കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഒഡീഷ പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. കട്ടക്ക് സ്വദേശിയായ രമേശ് പ്രതിഹാരി, ബേത്തിയ സാഹി സ്വദേശി ബിംബാധർ തരേ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും പുള്ളിപ്പുലിയുടെ തൊലിയും ആനക്കൊമ്പും എസ്ടിഎഫ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ടിഎഫ് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ പരിശോധന നടത്തുകയും ആനക്കൊമ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പിടിച്ചെടുത്തവ പരിശോധനയ്ക്കായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് അയയ്ക്കും.
വന്യജീവി കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.