ദളപതി വിജയ്‌യുടെ (Thalapathy Vijay) ഏറ്റവും പുതിയ റിലീസായ ലിയോ ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ (Lokesh Kanagaraj) 'ലിയോ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. റിലീസ് ചെയ്‌ത് ഒരാഴ്‌ചക്കുള്ളില്‍ തന്നെ ലിയോ ബോക്‌സ് ഓഫീസില്‍ മികച്ച കണക്കുകള്‍ സൃഷ്‌ടിച്ചിരുന്നു (Leo Box Office Collection).
ഇതോടെ വിജയ്‌യുടെ ഈ ആക്ഷൻ ത്രില്ലർ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു. അതേസമയം 'ലിയോ' പ്രദര്‍ശനത്തിന്‍റെ ഏഴാം ദിനത്തില്‍ കലക്ഷനില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏഴാം ദിനത്തില്‍ കലക്ഷനിൽ 50% ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ചിത്രം ഇതുവരെ നേടിയത് 275.27 കോടി രൂപയാണ്. പ്രദര്‍ശനത്തിന്‍റെ എട്ടാം ദിനത്തിലും ചിത്രം കാര്യമായ കലക്ഷന്‍ നേടില്ലെന്നാണ് കണക്കൂക്കൂട്ടല്‍. ഇതോടെ ലിയോ 300 കോടിയിലേയ്‌ക്ക് അടുക്കുകയാണ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ലിയോയ്‌ക്ക് ഇനി വെറും 25 കോടി രൂപയുടെ കലക്ഷന്‍ മാത്രം നേടിയാല്‍ മതിയാകും.
ലിയോ ആഗോള ബോക്‌സ് ഓഫീസിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഏഴ് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ തമിഴ് ചിത്രമെന്ന റെക്കോഡും ലിയോയ്‌ക്ക് സ്വന്തം.
വിജയ് നായകനായി എത്തിയപ്പോള്‍ നായികയായി എത്തിയത് തൃഷയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമിഴകത്തേയ്‌ക്കുള്ള സഞ്ജയ് ദത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് ലിയോ.
അതേസമയം സിനിമയെ പ്രശംസിച്ച് നടനും നിര്‍മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍ രംഗത്തെത്തിയിരുന്നു. എക്‌സിലൂടെ (ട്വിറ്റര്‍) ആയിരുന്നു ഉദയനിധിയുടെ പ്രതികരണം. 'ദളപതി അണ്ണാ, ലോകേഷിന്‍റെ ലിയോയുടേത് അത്യുഗ്രന്‍ ഫിലിം മേക്കിംഗ്, അനിരുദ്ധിന്‍റെ സംഗീതം, അന്‍പറിവ് മാസ്‌റ്ററിന്‍റെ ആക്ഷന്‍ എല്ലാം ഗംഭീരം. എല്ലാ ആശംസകളും' - ഇപ്രകാരമാണ് ലിയോ കണ്ട ശേഷം ഉദയനിധി സ്‌റ്റാലിന്‍ എക്‌സില്‍ കുറിച്ചത്.
മലയാളികളുടെ പ്രിയ താരം കല്യാണി പ്രിയദര്‍ശനും ലിയോ കണ്ട ശേഷം പ്രതികരണം അറിയിച്ചിരുന്നു. 'ബാഡാസ് മാ!! അത്രമാത്രം, അതാണ് ട്വീറ്റ്' -ഇപ്രകാരമായിരുന്നു കല്യാണി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. 'ലിയോ'യ്‌ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ തയാറാക്കിയ ഒരു ട്രാക്കാണ് 'ബാഡാസ് മാ'.