ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 10,158 പുതിയ കേസുകളാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം പുറത്തു വന്നതിനേക്കാൾ 30 ശതമാനം കൂടുതൽ കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 44,998 ആയി ഉയർന്നു.
പുതിയ വൈറസ് വകഭേദങ്ങൾ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,42,10,127 ആയാണ് ഉയർത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02 ശതമാനവും ആണ്. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ 0.10 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
വ്യാപനം കൂടാൻ സാധ്യത: ഇന്ത്യയിൽ നിലവിലെ രോഗമുക്തി നിരക്ക് 98.71 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്. വൈറസ് ബാധ കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടുത്ത 10 മുതൽ 12 ദിവസത്തേക്ക് രാജ്യത്ത് പുതിയ കേസുകൾ വർധിക്കുമെന്നും ശേഷം രോഗബാധ കുറയുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
also read: അതിരൂക്ഷം കൊവിഡ് വ്യാപനം; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത് 5,880 പുതിയ കേസുകൾ
തലസ്ഥാനത്ത് കൂടുതൽ കേസുകൾ: ദേശീയ തലസ്ഥാനമായ ഡൽഹിയിലും പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 24 മണിക്കൂറിൽ 1,149 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ 3,347 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ള തലസ്ഥാനത്ത് 23.8 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 677 പേർ രോഗമുക്തരായതായി ഡൽഹി ആരോഗ്യ വകുപ്പ് അറിയിച്ചു.
XBB.1.16 വ്യാപനത്തിന് കാരണം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശരിയായ ശുചിത്വം പാലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നിർദേശിച്ചിട്ടുണ്ട്. പോസിറ്റീവ് കേസുകൾ വർധിക്കുന്നതിന് പിന്നിൽ പുതിയ കൊവിഡ് വകഭേദമായ XBB.1.16 ആയിരിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഗർഭിണികൾ, 60 വയസിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ തുടങ്ങിയവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിദഗ്‌ധർ നിർദേശിച്ചിട്ടുണ്ട്.
also read: എച്ച് 3 എന്‍ 8 പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന
എച്ച് 3 എൻ 8 പക്ഷിപ്പനി: രാജ്യം കൊവിഡ് ഭീതിയിൽ നിൽക്കെ എച്ച് 3 എൻ 8 പക്ഷിപ്പനി ബാധിച്ചുള്ള ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോഴിയിൽ നിന്നും അണുബാധ ഉണ്ടായ 56 വയസ് പ്രായമായ സ്‌ത്രീയാണ് മരിച്ചത്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേയ്‌ക്ക് വൈറസ് വേഗത്തിൽ പടരാത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.