'ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചത് പാടാൻ വേണ്ടിയാണെന്ന് എനിക്ക് തോന്നുന്നു...', ശബ്‌ദസൗകുമാര്യം കൊണ്ടും ആലാപന മികവും കൊണ്ട് ലക്ഷക്കണക്കിന് സംഗീതാസ്വദകരുടെ മനസ് കീഴടക്കിയ ലത മങ്കേഷ്‌കറിന്‍റെ വാക്കുകളാണിത്.
ഇന്ത്യയുടെ വാനമ്പാടിയുടെ സംഗീത ജീവിതം ഒരര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമാണ്. ശാരീരികാസ്വസ്ഥ്യങ്ങള്‍ പിടിപെടുന്നതുവരെ ആ ശബ്‌ദത്തിന് വിശ്രമമുണ്ടായിട്ടില്ല. പിന്നണി ഗാനരംഗത്തേക്കുള്ള ലത മങ്കേഷ്‌കറിന്‍റെ യാത്ര എളുപ്പമായിരുന്നില്ല. പിതാവ് ദീനനാഥ് മങ്കേഷ്‌കറിന്‍റെ മരണശേഷം ലതയായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം.
പിതാവിന്‍റെ മരണശേഷം കുടുംബത്തെ പോറ്റാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ലതയ്ക്ക് കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമൊന്നും ലഭിച്ചിട്ടില്ല. ഗുലാം ഹൈദറിന്‍റെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ് ലത ജീവിതത്തിലെ പ്രതിസന്ധികളോട് പട പൊരുതുകയായിരുന്നു.
തുടക്ക കാലത്ത് നേര്‍ത്ത ശബ്‌ദമാണെന്ന് പറഞ്ഞ് ലതയെ പല സംഗീത സംവിധായകരും തിരസ്‌കരിച്ചു. ഭാവിയില്‍ നിര്‍മാതാക്കളും സംവിധായകരും ലതയുടെ കാലിൽ വീണ് അവരുടെ സിനിമകളിൽ പാടാൻ യാചിക്കുമെന്ന പ്രവചനം നടത്തിയത് ലതയെ പിന്നണി ഗാനരംഗത്തേക്ക് കൈപിടിച്ചു നടത്തിയ ഗുലാം ഹൈദർ ആണ്. അദ്ദേഹത്തിന്‍റെ വാക്കുകൾ കാലം തെളിയിച്ചു. പിന്നണി ഗാനരംഗമെന്നതിന്‍റെ പര്യായമായി ലത മാറി.
ഗുലാം ഹൈദറിന് പുറമേ അനിൽ ബിശ്വാസ്, ഖേംചന്ദ് പ്രകാശ്, ഹേമന്ത് കുമാർ, നൗഷാദ് തുടങ്ങിയ സംഗീതസംവിധായകർ ലതയെ തേടി വന്നു. 1947 മുതൽ ലതക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെറിയ പ്രായത്തില്‍ തന്നെ പല കയ്‌പേറിയ അനുഭവങ്ങളും ഉണ്ടായെങ്കിലും ഏഴ് പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തില്‍ ലതക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നില്ല.
1949ല്‍ പുറത്തിറങ്ങിയ 'മഹൽ' എന്ന ചിത്രത്തിലെ 'ആയേഗ ആനേവാല' എന്ന ഗാനമാണ് ലത മങ്കേഷ്‌ക്കറിന്‍റെ ആദ്യകാല ഹിറ്റുകളിൽ ഒന്ന്. സലീൽ ചൗധരി, സജ്ജാദ് ഹുസൈൻ, എസ്‌ഡി, ആർഡി ബർമൻ, ശങ്കർ-ജയ്‌കിഷൻ എന്നി സംഗീത പ്രതിഭകളോടൊപ്പം ലത ഒരുമിച്ചു. ശങ്കർ-ജയ്‌കിഷൻ കൂട്ടുകെട്ടിലെ 'ബർസാത്ത്' ആണ് പിന്നണി ഗാനരംഗത്തെ ആളുകൾ നോക്കിക്കാണുന്ന രീതി മാറ്റിമറിച്ചതെന്ന് ലത ഒരിക്കല്‍ പറയുകയുണ്ടായി.
1960കളാണ് ലതയുടെ സംഗീത ജീവിതത്തിലെ സുവര്‍ണ കാലഘട്ടം. വിജയത്തിന്‍റെ പടവുകള്‍ കയറുമ്പോള്‍ അവര്‍ക്ക് ശത്രുക്കളും ഉണ്ടായി. അറുപതുകളുടെ തുടക്കത്തില്‍ സംഗീത രംഗത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം മോഹാലസ്യപ്പെട്ട് വീണ ലതയെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയത് ഭക്ഷണത്തില്‍ ആരോ വിഷം കലര്‍ത്തിയിട്ടുണ്ടെന്നാണ്.
ഇതിനെ തുടര്‍ന്ന് 3 മാസത്തോളം ലത കിടപ്പിലായി. ലത സുഖം പ്രാപിക്കാൻ രാജ്യം മുഴുവൻ പ്രാർത്ഥിച്ചു. ബീസ് സാൽ ബാദിലെ 'കഹിൻ ദീപ് ജലേ കഹിൻ ദിൽ' എന്ന ഗാനത്തിലൂടെ ഇന്ത്യ ആ ശബ്‌ദമാധുരി വീണ്ടും കേട്ടു. ആരാണ് ലത മങ്കേഷ്‌കറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നത് ഇന്നും അജ്ഞാതമാണ്.
ഏഴ് പതിറ്റാണ്ടുകളോളം അണമുറിയാതെ ഒഴുകിയ ആ സ്വരമാധുരി ഒടുവില്‍ നിലച്ചിരിക്കുന്നു. വാനമ്പാടി ഇഹ ലോകത്ത് നിന്ന് പറന്നകന്നിരിക്കുന്നു.