മറാഠി സംഗീതജ്ഞൻ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്‍റെയും ഭാര്യ ശെവന്തിയുടെയും ആദ്യത്തെ പെൺകുഞ്ഞായി 1929ൽ സെപ്‌റ്റംബർ 28നാണ് ലതയുടെ ജനനം. 13-ാം വയസിൽ സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ലത പിന്നീട് ഇന്ത്യയുടെ ഇതിഹാസ ഗായികയായി മാറി.
മധുരമൂറുന്ന ഗാനാലാപന ശൈലിയിൽ ഇന്ത്യൻ സംഗീതലോകത്ത് വിഹരിച്ച ലതയെ സംഗീത പ്രേമികളും പ്രേക്ഷകരും ഇന്ത്യയുടെ വാനമ്പാടിയെന്ന് വാഴ്‌ത്തിപ്പാടി. മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകൾക്ക് പുറമെ പ്രാദേശിക ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി ലതാജി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആയിരത്തിലധികം പുരസ്‌കാരങ്ങളാണ് ലതാജിയെ തേടിയെത്തിയത്.
ഗാനാലാപനത്തിന് പുറമെ അഭിനനയത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അഭിനയമല്ല തന്‍റെ ഭാവിയെന്ന് മനസിലാക്കിയ ഇവർ സംഗീത ജീവിതത്തിലേക്ക് മുഴുകുകയായിരുന്നു.
ലത മങ്കേഷ്‌കറുടെ അഭിനയ ജീവിതം
1942ൽ മാസ്റ്റർ വിനായകൻ സംവിധാനം ചെയ്‌ത പെഹ്‌ലി മംഗ്‌ള ഗൗർ എന്ന ചിത്രത്തിൽ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 1945ൽ ആദ്യ സംവിധായകനായ മാസ്റ്റർ വിനായകന്‍റെ സംവിധാനത്തിൽ പിറന്ന ബോളിവുഡ് ചിത്രത്തിലും ലത ഭാഗമായി.
ബഡി മാ എന്ന പേരിൽ പുറത്തിയ ചിത്രത്തിൽ സഹോദരി ആശ ഭോസ്‌ലെക്കൊപ്പമാണ് ചെറിയ കഥാപാത്രത്തിൽ ലത സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അച്ഛന്‍റെ മരണശേഷം അമ്മയും നാല് സഹോദരങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന്‍റെയും ഉത്തരവാദിത്വങ്ങൾ ഈ 13കാരി സ്വയം ഏറ്റെടുത്തു. അഭിനയത്തിലല്ല മറിച്ച് സംഗീതത്തിലാണ് തന്‍റെ ഭാവിയെന്ന് തിരിച്ചറിഞ്ഞ ഈ പെൺകുട്ടി അഭിനയത്തിനോട് വിടപറഞ്ഞു.
പിൽക്കാലത്ത് നൽകിയ പല അഭിമുഖങ്ങളിലും ലതാജി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റുകളിൽ മേക്കപ്പ് ധരിച്ച് ഭാവാഭിനയം കാഴ്‌ച വെക്കുന്നതിൽ നിന്ന് തനിക്ക് സന്തോഷം കണ്ടെത്താൻ സാധിച്ചില്ലെന്നും അങ്ങനെയാണ് സംഗീതമാണ് എന്‍റെ ലോകമെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പല അഭിമുഖങ്ങളിലും സമ്മതിച്ചിട്ടുണ്ട്.
2000ത്തിൽ പുറത്തിറങ്ങിയ പുക്കാർ എന്ന സിനിമയിലെ ഗാനരംഗത്താണ് പിന്നീട് ലതാജി സ്‌ക്രീനിലെത്തുന്നത്. അനിൽ കപൂറും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിലെത്തിയ സിനിമയിലെ ഈ ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിന് പുറമെ നിർമാണ രംഗത്തേക്കും ലത മുന്നിട്ടിറങ്ങി. മൂന്ന് ബോളിവുഡ് ചിത്രങ്ങളും ഒരു മറാഠി ചിത്രവും ഉൾപ്പടെ നാല് ചിത്രങ്ങളാണ് ലതാജിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയത്. എന്നാൽ നിർമാതാവ് എന്ന നിലയിൽ പ്രവർത്തനമികവ് പുറത്തെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഈ മേഖലയിലും അധിക നാൾ ലതാജി മുന്നോട്ട് പോയില്ല.
READ MORE: ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു; ആ സ്വരമാധുരി ആരാധക ഹൃദയത്തില്‍