ജമ്മു: ജമ്മു കശ്‌മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്‌മീരി പണ്ഡിറ്റ് രാഹുല്‍ ബട്ടിന്‍റെ ശവസംസ്‌കാരം ജമ്മുവിലെ ബന്ദലാബില്‍ ഇന്ന് നടന്നു (13.05.2022). ജമ്മു എഡിജിപി മുകേഷ് സിങ്, ഡിവിഷണല്‍ കമ്മീഷണര്‍ രമേശ് കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസ എന്നിവര്‍ ശവസംസ്‌കാര ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചദൂര താസില്‍ദാര്‍ ഓഫീസിലെ ജീവനക്കാരനായിരുന്ന ബട്ടിനെ തീവ്രവാദികള്‍ ഇന്നലെ (12.05.2022) ഓഫീസില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കശ്‌മീരി പണ്ഡിറ്റുകളെ തെരഞ്ഞുപിടിച്ച് ആക്രമണം നടത്തുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ബട്ടിന്‍റെ ശവസംസ്‌കാരം ചടങ്ങ് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത് .
അമര്‍ഷം പ്രകടിപ്പിച്ച് പണ്ഡിറ്റുകള്‍: തങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളില്‍ കടുത്ത അമര്‍ഷമാണ് പണ്ഡിറ്റുകള്‍ പ്രകടിപ്പിക്കുന്നത്. പണ്ഡിറ്റുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. "കശ്‌മീരി പണ്ഡിറ്റുകളെ ഒരു സ്ഥലത്ത് താമസിപ്പിക്കണം. ജോലി താമസ സ്ഥലത്തിന് അടുത്തുതന്നെ ഉറപ്പാക്കണം. എങ്കില്‍ മാത്രമെ അവര്‍ സുരക്ഷിതരായി ഇരിക്കുകയുള്ളൂ. പാലയാനം ചെയ്‌ത പണ്ഡിറ്റുകള്‍ കശ്‌മീര്‍ താഴ്വരയിലേക്ക് തിരിച്ചുവരുന്നത് തടയുക എന്നതാണ് ആക്രമണത്തിന്‍റെ ലക്ഷ്യം", ഒരു തദ്ദേശിയന്‍ പ്രതികരിച്ചു.
ബട്ടിന്‍റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മറ്റൊരു തദ്ദേശിയനായ രാകേഷ് ബട്ട് പ്രതികരിച്ചത് കശ്‌മീരിലേക്ക് പണ്ഡിറ്റുകളെ തിരിച്ചയക്കരുതെന്നും ജമ്മുവിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ അവരെ താമസിപ്പിക്കണമെന്നുമാണ്. തെരഞ്ഞുപിടിച്ചുള്ള ആക്രമണത്തില്‍ പണ്ഡിറ്റ് സമൂഹം ഒന്നാകെ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
തീവ്രവാദികളെ വെറുതെ വിടില്ല: "രാഹുല്‍ ഭട്ടിനെ കൊലപ്പെടുത്തിയ ഈ കാടന്‍ ആക്രമണത്തില്‍ ഞാന്‍ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ നിന്ദ്യമായ ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടാതെ പോവില്ല. ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ രാഹുല്‍ ബട്ടിന്‍റെ കുടുംബത്തോടൊപ്പം ദുഖത്തില്‍ പങ്ക് ചേരുന്നു", ജമ്മുകശ്‌മീര്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായത് രണ്ട് പേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും പിസ്റ്റളാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നുമാണെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് പറഞ്ഞു. ബുദ്‌ഗാം ജില്ലയിലെ ഷേയിഖ്‌പുരയിലെ മൈഗ്രന്‍റ് കോളനിയില്‍ ഭാര്യയും മകള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു രാഹുല്‍ ബട്ട്. തങ്ങളുടെ വേരുകളുള്ള മണ്ണിലേക്ക് തിരിച്ചുവരാനുള്ള ശ്രമമാണ് തീവ്രവാദികള്‍ തടയുന്നതെന്ന് ദക്ഷിണ കശ്‌മീരിലെ മത്താന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാകേഷ് കോള്‍ പ്രതികരിച്ചു.
രാഹുല്‍ ബട്ട് മാന്യനായ വ്യക്തിയായിരുന്നുവെന്നും അദ്ദേഹത്തിനെതിരെയുള്ള ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്നും രാഹുല്‍ ബട്ടിന്‍റെ അയല്‍വാസികള്‍ പ്രതികരിച്ചു. ജമ്മു കശ്‌മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകത്തെ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.
"പാകിസ്ഥാന്‍റെ പിന്തുണയുള്ള ഭീരുക്കളായ തീവ്രവാദികള്‍ അതിക്രൂരമായി രാഹുല്‍ ബട്ടിനെ കൊലപ്പെടുത്തിയതിലൂടെ ജമ്മു കശ്‌മീരിനെ ഒരിക്കല്‍ കൂടി ചോരയില്‍ വീഴ്‌ത്തിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ല. അവരെ നമ്മുടെ സുരക്ഷ സൈന്യം വകവരുത്തും." ജമ്മു കശ്‌മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയിന പറഞ്ഞു.