ഗാന്ധിനഗര്‍: കൊവിഡ് മുന്‍നിര പോരാളികളെ ഓര്‍മ്മിക്കാനുള്ളതാണ് ഈ ദിവസമെന്ന് പ്രധാനമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പത്ത് ലക്ഷത്തിലധികം ഡോക്‌ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരെ ഓര്‍മ്മിക്കാനുള്ളതാണ് വര്‍ഷത്തിന്‍റെ അവസാനദിവസമായ ഇന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കടമ നിര്‍വഹിക്കുന്നതിനായി ജീവന്‍ നല്‍കിയ മുന്‍നിര പോരാളികളെ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കടുത്ത പ്രതിസന്ധിയെ ഒരുമിച്ച് നിന്ന് എങ്ങനെ നേരിടാമെന്ന് ഈ വര്‍ഷം തെളിയിച്ചെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ആരോഗ്യമാണ് ധനമെന്ന് 2020 നമ്മെ പഠിപ്പിച്ചെന്നും വെല്ലുവിളികള്‍ നേരിട്ട വര്‍ഷമാണ് ഈ വര്‍ഷമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ കുടുംബം മാത്രമല്ല സമൂഹത്തെയൊട്ടാകെ ഇത് പ്രതിസന്ധിയിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് കേസുകള്‍ പ്രതിദിനം കുറഞ്ഞു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണത്തിനായി രാജ്യം തയ്യാറെടുക്കയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1200 കോടി ചെലവില്‍ 200 ഏക്കറിലായാണ് രാജ്‌കോട്ടില്‍ എയിംസ് ആരംഭിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.