പൂനെ: രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിദത്ത പുല്‍ത്തകിടി നിര്‍മിച്ച് പൂനെയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍. ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായാണ് 1000 ചതുരശ്ര അടിയില്‍ പുല്‍ത്തകിടി തയ്യാറാക്കിയത്. പ്ലാന്‍റേഴ്‌സ് ഇന്ത്യ ലാൻഡ്‌സ്‌കേപ്പിങ് കമ്പനിയിലെ ജിബോയ് തമ്പിയുടെ നേതൃത്വത്തില്‍ പൂനെ സോലാപൂർ റോഡിനോട് ചേർന്നുള്ള കുഞ്ചിർവാഡിയിലാണ് റഗ് പ്രൊഡക്ഷന്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്.
പ്രകൃതിദത്തമായി പരിസ്ഥിതി സൗഹാര്‍ദ പുല്ലില്‍ നിന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ പരവതാനി നിര്‍മിച്ചിരിക്കുന്നത്. ഇന്‍ഡോറിന് പുറമെ കളിസ്ഥലങ്ങളിലും പാർക്കുകളിലും വീട്ടുമുറ്റങ്ങളിലും ഇവ ഉപയോഗിക്കാന്‍ സാധിക്കും. ചെലവ് കുറവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഈ പുല്‍ത്തകിടികള്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ നനച്ചാല്‍ മതി.
പരിസ്ഥിതിയുടെ കാര്യത്തില്‍ മാത്രമല്ല ശാരീരികമായും നിരവധി ഗുണങ്ങളാണ് ഈ പരവതാനി ഉപയോഗിക്കുന്നത് കൊണ്ട് ലഭിക്കുന്നത്. ചെരുപ്പുകള്‍ ഉപയോഗിക്കാതെ പുല്‍ത്തകിടികള്‍ക്ക് മുകളിലൂടെ നടന്നാല്‍ അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നിരവധി തൊഴിലവസരങ്ങളും സൃഷ്‌ടിക്കുന്നതാണ് പദ്ധതി.
കറുത്ത മണ്ണ്, കടലിനടുത്തുള്ള ഉപ്പുവെള്ളം കലര്‍ന്ന മണ്ണ്, കൊങ്കണിലെ ചുവന്ന മണ്ണ് എന്നീ പ്രതലങ്ങളില്‍ ഇവ നന്നായി വളരും. മഴയുടെ അളവ് കൂടിയാലും പുല്‍ത്തകിടിയില്‍ നിന്ന് ദുർഗന്ധം വമിക്കില്ല. ഇന്‍ഡോറിലും ഔട്ട്ഡോറിലും പുല്‍ത്തകിടി സുരക്ഷിതമായി തന്നെ ഉപയോഗിക്കാന്‍ സാധിക്കും.
പൂനെയ്‌ക്ക് പുറമെ ഹൈദരാബാദ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും ഇവ വ്യാപകമായി നിര്‍മിക്കുന്നുണ്ട്. കൂടുതല്‍ പരിസ്ഥിതി സ്‌നേഹികളിലേയ്ക്ക് പരവതാനി എത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് ജിബോയ് തമ്പി വ്യക്തമാക്കി.