പട്‌ന (ബിഹാര്‍): ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്‌തത് ലാപ്‌ടോപ്. കിട്ടിയത് ഗെയ്‌ഡ് പുസ്‌തകവും ഇഷ്‌ടിക കല്ലുകളും. ബിഹാറിലെ പട്‌നയിലാണ് സംഭവം. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലാണ് ഈ ദുരനുഭവം.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന പട്‌ന സ്വദേശിയായ സൗരവ് സുമനാണ് ലാപ്‌ടോപ് ഓർഡർ ചെയ്തത്. 34,600 രൂപ മുന്‍കൂറായി നല്‍കി ഡല്‍ഹിയില്‍ നിന്ന് ജൂലൈ 24-നാണ് ലാപ് ടോപിന് ഓര്‍ഡര്‍ നല്‍കിയത്. ജൂലൈ 27-ന് പാട്‌നയില്‍ ലഭിച്ച പാഴ്‌സലില്‍ ഡല്‍ഹി പൊലീസിന്‍റെ ഗെയ്‌ഡ്ബുക്കും ഇഷ്‌ടികയുമായിരുന്നെന്ന് സൗരവ് സുമന്‍റെ മാതാവ് അഭിപ്രായപ്പെട്ടു.
ലഭിച്ച പാഴ്‌സലില്‍ ഭാരവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ മകനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ സൗരവ് സുമന്‍റെ നിര്‍ദേശ പ്രകാരം വീഡിയേ ചിത്രീകരിച്ച ശേഷമാണ് പാഴ്‌സല്‍ തുറന്നത്. തട്ടിപ്പിനെക്കുറിച്ച് യുവാവ് ആമസോണ്‍ കസ്‌റ്റമര്‍ കെയറില്‍ പരാതിപ്പെട്ടിട്ടുണ്ട്.
യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ആമസോണ്‍ പ്രതിനിധി സുമന്‍ പ്രസാദ് വ്യക്തമാക്കി. ജൂലൈ 31 വരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആമസോണ്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.