റായ്‌ഗഡ് : മഹാരാഷ്‌ട്രയിൽ കനത്ത മഴയെത്തുടര്‍ന്ന് റായ്‌ഗഡ് ജില്ലയിലെ ഇർഷൽവാഡിയിൽ വന്‍ ഉരുള്‍പൊട്ടല്‍. 10 പേർ മരിച്ചു. നൂറിലധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 10.30 നും 11.00 നും ഇടയിലാണ് സംഭവം.
രക്ഷപ്പെടുത്തിയ 20 പേരെ നവി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൗക്ക് ഗ്രാമത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ മോർബെ ഡാമിന് മുകളിലുള്ള മലയോര മേഖലയിലാണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് 60ഓളം ആദിവാസി കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതിൽ 90 ശതമാനം ആളുകളും അവശിഷ്‌ടങ്ങൾക്കടിയിൽപ്പെട്ടെന്നാണ് വിവരം.
നാട്ടുകാരും പൊലീസുകാരും എൻഡിആർഎഫ് സംഘവും സംയുക്തമായി പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. എന്നാൽ, തുടർച്ചയായി പെയ്യുന്ന മഴയും ഉരുൾപൊട്ടലും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുന്നു. നാല് ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയും മൂടൽമഞ്ഞും കാരണം രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്ത് എത്താൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
മഹാരാഷ്ട്ര മന്ത്രിമാരായ ഉദയ് സാമന്തും ദാദാ ഭൂസെയും ഗിരീഷ് മഹാജനും മഹേഷ് ബാൽഡിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സംഭവസ്ഥലത്തെത്തി റായ്‌ഗഡ് ജില്ല കലക്‌ടറുമായി രക്ഷാപ്രവർത്തനം സംബന്ധിച്ച് ആശയവിനിമയം നടത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നും ഏക്‌നാഥ് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സഹായം തേടുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ തയ്യാറാണെന്നും കാലാവസ്ഥ അനുകൂലമാകാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റായ്‌ഗഡ് പൊലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ- 8108195554
മഴക്കെടുതിയിൽ മഹാരാഷ്‌ട്ര, മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഭരണകൂടം : ജൂലൈ 19 ന് രാത്രി 11 മണിവരെയുള്ള വിവരം അനുസരിച്ച് റായ്‌ഗഡ് ജില്ലയിലെ സാവിത്രി, അംബ, പതൽഗംഗ, കുണ്ഡ്ലിക നദികളില്‍ ജലനിരപ്പ് അപകടനിലയേക്കാള്‍ മുകളിലാണ്. മഹാരാഷ്‌ട്രയിൽ മഴ ശക്തമായി തുടരുകയാണ്. മുംബൈ മെട്രോപൊളിറ്റൻ റീജ്യണലില്‍ (എംഎംആർ) കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുംബൈ, താനെ, റായ്‌ഗഡ്, പാൽഘർ ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മുംബൈയുടെ ചില ഭാഗങ്ങളിലും ഇന്നലെ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്‌തത്.
താനെ ജില്ലയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചില എക്‌സ്‌പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. മുംബൈയിൽ 110 താഴ്ന്ന പ്രദേശങ്ങൾ ഉണ്ട്. മഴ ശക്തമായി പെയ്‌തിട്ടും നഗരത്തിൽ ഇതുവരെ വെള്ളക്കെട്ട് രൂപ്പപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അവകാശവാദം. സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ദുരന്തനിവാരണ യൂണിറ്റ് പ്രദേശങ്ങൾ സന്ദർശിച്ചു. ഉദ്യോഗസ്ഥർക്ക് ജാഗ്രതാനിർദേശവും നൽകി.
നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വസിഷ്ടി നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതിനാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രത്‌നഗിരി ജില്ലയിലെ ചിപ്ലൂണിൽ കൊങ്കൺ റെയിൽവേ ലൈനിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു. മുന്‍കരുതല്‍ നടപടിയെന്നോണമാണിതെന്ന് കൊങ്കൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ട്രെയിൻ സർവീസ് നിർത്തിയത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായതിനാൽ ഇന്നലെ രാത്രി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ യാത്രക്കാരുടെ സൗകര്യാർഥം പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സൗജന്യ ബസ് സർവീസ് നടത്തി. മുംബൈ, താനെ ഡിവിഷനുകൾ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ദാദർ, കുർള, താനെ, കല്യാൺ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്ന് വിവിധ റസിഡൻഷ്യൽ ഏരിയകളിലേക്ക് നൂറിലധികം ബസുകളാണ് സർവീസ് നടത്തിയത്.
സബർബൻ മലാഡിലെ പൊയ്‌സാർ നദിയിൽ 25കാരൻ ഇന്നലെ ഒഴുക്കിൽപ്പെട്ടിരുന്നു. മുംബൈ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.