സിംല: ഹിമാചൽപ്രദേശിലെ കിന്നൗരിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ ലഹൗള്‍-സ്‌പിതി ജില്ലയിലെ നല്‍ഡയില്‍ മണ്ണിടിച്ചില്‍. വെള്ളിയാഴ്‌ച രാവിലെ ഒന്‍പത് മണിക്കാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴയുടെ ഒഴുക്ക് തടസപ്പെട്ട് ജില്ലയിലെ 11 ഗ്രാമങ്ങള്‍ അപകടത്തിലാണ്.
ജുണ്ട മുതല്‍ ജോബ്രാങ് വരെയുടെ പ്രദേശത്ത് വെള്ളം കയറിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പ്രളയ സാധ്യത കൂടി കണക്കിലെടുത്ത് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയതായി ദുരന്ത നിവാരണ സേന അറിയിച്ചു. നിലവില്‍ 10-15 ശതമാനം വെള്ളം പുഴയില്‍ നിന്നും ഒഴുക്കി വിട്ടു. പ്രദേശം നിരീക്ഷിക്കുന്നതിന് ഹെലികോപ്‌റ്ററും സജ്ജമാണെന്ന് ദുരന്തനിവാരണ സേന ഡയറക്‌ടര്‍ സുദേശ് കുമാര്‍ മൊക്‌ത വ്യക്തമാക്കി.
Also Read: ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; 10 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ദുരന്തനിവാരണ സേനയെ പ്രദേശത്ത് വിന്ന്യസിച്ചു കഴിഞ്ഞു. പ്രദേശത്ത് വേണ്ട ക്രമീകരണങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. താഴ്‌ന്ന പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതരോട് നിര്‍ദേശച്ചതായി എസ്‌പി മാനവ് വര്‍മ്മ അറിയിച്ചു.
കിന്നൗരിലുണ്ടായ മണ്ണിടിച്ചിലില്‍ അമ്പതിലധികം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു. 11 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.