സോലാപൂർ (മഹാരാഷ്‌ട്ര): സാഹചര്യങ്ങൾ മോശമെന്ന കാരണം പറഞ്ഞ് പഠനം ഉപേക്ഷിക്കുന്നവർക്ക് മാതൃകയാവുകയാണ് സോലാപൂർ ജില്ലയിൽ നിന്നുള്ള 92കാരനായ ലാലാസാഹേബ് ബാബർ. വിദ്യാഭ്യാസം നേടുന്നതിന് പ്രായമോ മറ്റ് സാഹചര്യങ്ങളോ ഒരു തടസമല്ലെന്ന് ലാലാസാഹേബ് തെളിയിച്ചത് സ്വപ്‌നമായ പിഎച്ച്ഡി 92-ാം വയസിൽ സ്വന്തമാക്കിക്കൊണ്ടാണ്. സാമൂഹിക, സാംസ്കാരിക, രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് കോമൺവെൽത്ത് വൊക്കേഷണൽ സർവകലാശാലയാണ് ലാലാസാഹേബിന് പിഎച്ച്ഡി നൽകിയത്.
1930 ജനുവരി 1ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ലാലാസാഹേബ് ജനിക്കുന്നത്. സോനന്ദിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബാബർ ഗാന്ധിയൻ ആശയങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു. ചെറുപ്പകാലം മുതൽക്കു തന്നെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യമറിയാമായിരുന്ന ബാബർ 1946 മുതൽ ഒരു വർഷം പ്രൈമറി സ്‌കൂൾ അധ്യാപകനായി ജോലി നോക്കിയിരുന്നു.
മനേഗാവിലുള്ള സ്‌കൂളിലാണ് ബാബർ അധ്യാപക ജീവിതം ആരംഭിക്കുന്നത്. 1950ൽ ജോലി രാജിവച്ച ബാബർ പിന്നീട് സാമൂഹിക പ്രവർത്തനത്തിനായി പ്രവർത്തിച്ചു. തുടർന്ന് രാഷ്‌ട്രീയത്തിലേക്കിറങ്ങിയ ബാബർ ഗ്രാമത്തലവനായി. 1952ൽ സോനന്ദ് പഞ്ചായത്തിനെ തർക്ക മുക്ത ഗ്രാമമാക്കാൻ ടന്‍റാമുക്തി ഗാവ് അഭിയാൻ യോജന നടപ്പാക്കി.
ഗ്രാമത്തിലെ കേസുകളും പരാതികളും പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ ഗ്രാമത്തിൽ തന്നെ തീർപ്പാക്കാൻ ലാലാസാഹേബ് ശ്രമിച്ചു. ഗ്രാമത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി അദ്ദേഹം ഗ്രാമ സുരക്ഷ സേന രൂപീകരിച്ചു. ഗ്രാമത്തെ വൃത്തിയും ഭംഗിയുമുള്ളതാക്കി നിലനിർത്താൻ ശ്രമിച്ച ബാബർ ഗ്രാമം വൃത്തിയാക്കാനുള്ള ഗാഡ്‌ഗെ ബാബയുടെ ആശയം പ്രചരിപ്പിക്കുകയും ചെയ്‌തു.
ഗ്രാമത്തിലെ ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന് ശഠിച്ച ബാബർ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഗ്രാമത്തിലെ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കുകയും അഭ്യസ്‌തവിദ്യരായ മുഴുവൻ യുവജനങ്ങളെയും പ്രൈമറി സ്‌കൂൾ അധ്യാപകരായി റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
എഴുപതുകളിൽ ബാബർ ജില്ലയിലെ പല സാമൂഹിക പ്രവർത്തന കമ്മിറ്റികളിലും പ്രവർത്തിച്ചു. രാഷ്ട്രീയത്തോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും പ്രതിജ്ഞാബദ്ധനായ ബാബർ ഗ്രാമപ്രദേശങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ അധ്യാപകനായി തുടങ്ങി പിഎച്ച്ഡി വരെ എത്തിനിൽക്കുന്ന ലാലാസാഹെബ് ബാബറിന്‍റെ ജീവിതയാത്ര ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
Also Read: വ്യാപം കുഭകോണം: സിബിഐ കുറ്റപത്രത്തില്‍ 160 പേര്‍ കൂടി