ന്യൂഡല്‍ഹി : ശ്രീനഗറില്‍ ജനുവരി 30 ന് നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് ജനതാദള്‍ (യു) അധ്യക്ഷന്‍ ലാലന്‍ സിങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അയച്ച കത്തിലാണ് ലാലന്‍ സിങ് തന്‍റെ അസൗകര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡില്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപന യോഗത്തിന് എത്താനാകില്ലെന്നാണ് കത്തിലെ വിശദീകരണം.
ഏകീകൃതമായൊരു പ്രതിപക്ഷത്തിന് ആവശ്യമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് കരുതുന്നതായി ലാലന്‍ സിങ് പറഞ്ഞു. 'ഒരു ഏകീകൃത പ്രതിപക്ഷമാണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമെന്ന് ഞങ്ങളുടെ പാര്‍ട്ടി കരുതുന്നു. അതിനുവേണ്ടിയുള്ള ഉചിതമായ നടപടി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ' - ലാലന്‍ സിങ് വ്യക്തമാക്കി.
'രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തകര്‍ച്ചയുണ്ടെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കൂടാതെ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ ആസൂത്രിതമായി നശിപ്പിക്കപ്പെടുകയാണ്' - ലാലന്‍ സിങ് ആരോപിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ചരിത്രപരമായൊരു സംഭവം എന്ന് ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിച്ച ലാലന്‍ സിങ് സമാപന സമ്മേളനത്തിന് ആശംസകളും അറിയിച്ചു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കരുക്കള്‍ നീക്കുന്നതിന്‍റെ ഭാഗമായി വിവിധ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ സമാപന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപിക്ക് എതിരായ സഖ്യ രൂപീകരണത്തെ ചൊല്ലി പ്രതിപക്ഷത്ത് ഭിന്നിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും ഭാരത് ജോഡോ യാത്രയുടെ സമാപന യോഗത്തിലേക്ക് ചില പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചേക്കുമെന്നാണ് സൂചന.
2022 സെപ്‌റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പഞ്ചാബ് വഴി ജമ്മു കശ്‌മീരില്‍ പ്രവേശിച്ചത്. ജനുവരി 30ന് പാര്‍ട്ടി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഷേര്‍-ഇ-കശ്‌മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നതോടെ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമാകും.