ന്യൂഡൽഹി: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശം സുപ്രീകോടതിയിൽ സമർപ്പിച്ച ഹർജിയുടെ വാദം ഫെബ്രുവരി 20 ലേക്ക് മാറ്റി. വധശ്രമ കേസിൽ കവരത്തിയിലെ സെഷൻസ് കോടതി മുഹമ്മദ് ഫൈസലിനെതിരെ ചുമത്തിയ ശിക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു.
പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും കോടതി മരവിപ്പിച്ചിരുന്നു. അപ്പീൽ തീർപ്പാക്കുന്നതുവരെ മറ്റ് പ്രതികളുടെ തടവ് ശിക്ഷയും ഹൈക്കോടതി താത്‌കാലികമായി നിർത്തിവച്ചു. ഈ ഉത്തരവ് റദ്ദാക്കണമെന്ന ലക്ഷദ്വീപ് ആവശ്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ഹർജി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കുകയും ചെയ്‌തിരുന്നു.
ഈ ഹർജിയിൽ ഇന്ന് കേൾക്കേണ്ടിരുന്ന വാദമാണ് സുപ്രീംകോടതി മാറ്റിവച്ചത്.