ന്യൂഡൽഹി: പുതിയ ലക്ഷദ്വീപ് കരട് നിയമം നടപ്പാക്കില്ലെന്നും, എന്നും ലക്ഷദ്വീപ് നിവാസികൾക്കൊപ്പമുണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളക്കുട്ടി. ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദയെ കണ്ടതിന് ശേഷമാണ് അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. അഡ്‌മിനിസ്‌ട്രേറ്റർ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ലെന്ന് അമിത് ഷാ പറഞ്ഞതായി അബ്‌ദുള്ളക്കുട്ടി അറിയിച്ചു.
ALSO READ:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
അഡ്‌മിനിസ്‌ട്രേറ്റർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി ലക്ഷദ്വീപ് പ്രസിഡന്‍റ് അബ്ദുൾ ഖാദർ ഹാജിക്കും വൈസ് പ്രസിഡന്‍റ് കെപി മുത്തുകോയക്കും ഒപ്പം അബ്‌ദുള്ളക്കുട്ടി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.
ALSO READ:ബറാബങ്കി മസ്‌ജിദ് കേസ്: പ്രതികൾക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി
ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരത്തിനെതിരെ സിനിമ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലുള്ളവരടക്കം ദ്വീപിനകത്തും പുറത്തുമുള്ള നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെ ക്രിമിനല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത കേന്ദ്രഭരണ പ്രദേശത്ത് ഗുണ്ടാആക്ട് നടപ്പിലാക്കി, മദ്യ നിരോധനമുണ്ടായിരുന്ന പ്രദേശത്ത് ടൂറിസത്തിന്‍റെ പേരില്‍ മദ്യം പ്രവേശിപ്പിച്ചു, കേന്ദ്രത്തിനെതിരെ 2019ൽ പ്രതിഷേധ സൂചകമായി ബോർഡ് വെച്ചതിനടക്കം കേസെടുത്തു തുടങ്ങിയ പരാതികളാണ് ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നത്.