കേന്ദ്രപാര: ബാങ്ക് അക്കൗണ്ടുകളിലേക്ക് (Bank Accounts In Odisha) വന്ന ലക്ഷക്കണക്കിന് രൂപ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒഡിഷയിലെ കേന്ദ്രപാര (kendrapara in odisha) സ്വദേശികള്‍. അജ്ഞാത സ്രോതസുകളിൽ നിന്ന് വന്ന ലക്ഷക്കണക്കിന് രൂപ കണ്ടതോടെ ആളുകള്‍ ബാങ്കുകളിലേക്ക് ഒഴുകിയെത്തുകയുണ്ടായി. പണം പിന്‍വലിക്കാന്‍ ആളുകളുടെ വന്‍ തിരക്കാണ് കേന്ദ്രപാരയിലെ ബാങ്കില്‍ അനുഭവപ്പെട്ടത്. ഔൾ ബ്ലോക്ക് ബതിപാഡ ഗ്രാമത്തിലെ (Bathipada village) ഒഡിഷ ഗ്രാമ്യ ബാങ്കിലാണ് (Odisha Gramya Bank) സംഭവം.
40ലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപിക്കപ്പെട്ടത്. രണ്ടായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഇത്രയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. വിവരം അറിഞ്ഞ ഉടനെ ആളുകൾ ബാങ്കിലേക്ക് ഓടിയെത്തി. തുടർന്ന്, തിരക്ക് നിയന്ത്രിക്കാൻ ബാങ്ക് അധികൃതർക്ക് പൊലീസിനെ വിളിക്കേണ്ട സാഹചര്യം പോലുമുണ്ടായി. പണം അക്കൗണ്ടുകളില്‍ എത്തിയെന്ന സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചതിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ആയിരുന്നവര്‍ പോലും പണം പിൻവലിക്കാൻ ബാങ്കിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ബാങ്ക് തുറക്കുന്നതിന് മുന്‍പേ നീണ്ട ക്യൂ: സെപ്‌റ്റംബര്‍ ഏഴിന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുന്‍പ് തന്നെ ബാങ്കിന് മുന്നിൽ ഇടപാടുകാരുടെ നീണ്ട ക്യൂവായിരുന്നു. ബാട്ടിപദ, ഷാഹിറ, നുവാപഡ, സൻമാങ് പ്രദേശത്ത് നിന്നുള്ള അക്കൗണ്ട് ഉടമകളാണ് പണം പിന്‍വലിക്കാനും ചെക്ക് ബുക്ക് വാങ്ങാനും ബാങ്കിലെത്തിയത്. വന്‍ തോതില്‍ തിരക്ക് അനുഭവപ്പെട്ടതോടെ പട്ടാമുണ്ടി, ആലു എന്നിവിടങ്ങളിലെ പൊലീസ് ബാങ്കിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്‌തു.
'ആളുകൾ ബാങ്കിൽ വന്‍തോതില്‍ തടിച്ചുകൂടുകയുണ്ടായി. പണം എവിടെ നിന്ന് വന്നു എന്നറിയാൻ ഞങ്ങൾ 300 അക്കൗണ്ടുകൾ പരിശോധിക്കുകയുണ്ടായി. അപ്രതീക്ഷിതമായി പണം എത്തിയതോടെ ആളുകൾ വളരെ സന്തോഷവാന്മാരാണ്. ഒരാളുടെ അക്കൗണ്ടിൽ 30,000, 40,000 രൂപയാണ് ലഭിച്ചത്. മറ്റൊരാളുടെ അക്കൗണ്ടില്‍ 2 ലക്ഷം രൂപയാണ് കയറിയത്.' - ബാങ്ക് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബാങ്ക് തട്ടിപ്പ്: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ അറസ്‌റ്റിൽ: ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്‌റ്റിലായ വാര്‍ത്ത സെപ്‌റ്റംബര്‍ രണ്ടിനാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാണ് നരേഷിനെ അറസ്‌റ്റ് ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്.
നരേഷിനെ ഇന്ന് മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ശേഷം ഇഡി നരേഷിനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. കോർപറേറ്റ് മേഖലയിലെ ക്രമക്കേടുകളിൽ മെയ് മാസത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നരേഷിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇഡി നരേഷിനെതിരെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്.