ലഖിംപൂര്‍ ഖേരി (ഉത്തര്‍പ്രദേശ്) : ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കേസിലെ മറ്റൊരു പ്രതി വീരേന്ദ്ര ശുക്ലയ്‌ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിചാരണ നടപടികള്‍ അഡിഷണല്‍ ജില്ല ജഡ്‌ജി സുനില്‍ കുമാര്‍ വര്‍മ ഡിസംബര്‍ 16ന് പരിഗണിക്കും.
ആശിഷ് മിശ്രയാണ് കേസിലെ മുഖ്യ പ്രതി. കൂട്ടാളികളായ അങ്കിത് ദാസ്, നന്ദന്‍ സിങ് ബിഷ്‌ത്, ലത്തീഫ് കാലെ, സുമിത് ജയ്‌സ്വാള്‍, സത്യപ്രകാശ് ത്രിപാഠി, ശേഖര്‍ ഭാരതി, ആശിഷ് പാണ്ഡെ, ശിശുപാല്‍, ഉല്ലാസ് കുമാര്‍, ലവ്‌കുശ് റാണ, റിങ്കു റാണ, ധരാംകു റാണ എന്നിവരാണ് മറ്റ് പ്രതികള്‍. കൊലപാതകത്തിന് പുറമെ, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതക ശ്രമം, ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, നാശനഷ്‌ടം ഉണ്ടാക്കല്‍, മോട്ടോര്‍ വാഹന നിയമ ലംഘനം തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇതുകൂടാതെ, സുമിത് ജയ്‌സ്വാളിനെതിരെ ആയുധ നിയമത്തിലെ സെക്ഷൻ 3/25 (ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കല്‍), ആശിഷ് മിശ്ര, അങ്കിത് ദാസ്, ലത്തീഫ് കാലെ, സത്യപ്രകാശ് ത്രിപാഠി എന്നിവർക്കെതിരെ ആയുധ നിയമത്തിലെ സെക്ഷൻ 30 (ആയുധ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം), നന്ദന്‍ സിങ് ബിഷ്‌തിനെതിരെ ആയുധ നിയമത്തിലെ സെക്ഷൻ 5/27 (അനധികൃത തോക്ക് ഉപയോഗിക്കല്‍) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 13 പ്രതികളും ലഖിംപൂർ ഖേരിയിലെ ജില്ല ജയിലിലാണ്. അതേസമയം, വീരേന്ദ്ര ശുക്ല ജാമ്യത്തിലാണ്.
2021 ഒക്‌ടോബര്‍ 3നാണ് കേസിന് ആസ്‌പദമായ സംഭവം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനിടെ ടിക്കുനിയ ഗ്രാമത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ പരിപാടിയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു.