ന്യൂഡല്‍ഹി: ലഖീംപൂര്‍ ഖേരി അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കോടതി. കേസ് അവസാനിക്കാത്ത കഥായണെന്ന് കരുതരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകനായ ഹരീഷ് സാല്‍വയോടായിരുന്നു കോടതിയുടെ കടുത്ത വിമര്‍ശനം.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സാല്‍വേ കോടതിയില്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്രയും സമയമെന്നായിരുന്നു കോടതിയുടെ ചോദ്യം. സര്‍ക്കാറിന്‍റെ വാദം പരിഗണിച്ച കോടതി കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേസ് കോടതി പരിഗണിച്ചതോടെ അഭിഭാഷകന്‍ ഇതുവരെ സ്വീകരിച്ച നടപടികളടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഈ ആവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്ന് കോടതി സാല്‍വയോട് ചോദിച്ചു. റിപ്പോര്‍ട്ട് രാത്രിയെങ്കിലും ലഭിക്കുമെന്നാണ് കോടതി കരുതിയിരുന്നത്.
രാത്രി ഒരുമണിവരെ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് കോടതി പ്രതീക്ഷിച്ചിരുന്നു. എന്നാലതുണ്ടായില്ല. ഇനി ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് പഠിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Read More: ആഡംബര കപ്പലിലെ ലഹരിമരുന്ന്; ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കേസുമായി ബന്ധപ്പെട്ട് 34 പേരെ ചോദ്യം ചെയ്തെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇവരുടെ മൊഴി രേഖപ്പെടിത്തിയിട്ടില്ല. ഇത്തരം നിരുത്തരവാദപരമായ സമീപനം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മൊഴി രേഖപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്നും ഉടന്‍ സമര്‍പ്പിക്കുമെന്നും സാല്‍വേ കോടതിയെ അറിയിച്ചു.
രണ്ട് കുറ്റങ്ങളാണ് കേസിലുള്ളത്. ഒന്ന് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്. രണ്ട് അതിന് ശേഷമുണ്ടായ കലാപം. വലിയ ജനക്കൂട്ടമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ പ്രതികളെ കണ്ടെത്തുക എളുപ്പമല്ലെന്നും സാല്‍വേ കോടതിയെ അറിയിച്ചു.
ആദ്യത്തെ കുറ്റകൃത്യത്തില്‍ 10 പേരാണ് പങ്കെടുത്തത്. ഇതില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇവരെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
70 ഓളം വീഡിയോകള്‍ ഫോറന്‍സിക്ക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്തുകോണ്ട് നിങ്ങള്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയില്ലെന്നും കോടതി ചോദിച്ചു. ദസ്റ അവധിയായതിനാലാണ് ഇത്തരം കാര്യങ്ങളില്‍ താമസം നേരിട്ടതെന്ന് സാല്‍വേ മറുപടി നല്‍കി.
കേസില്‍ മൊഴി രേഖപ്പെടുത്തുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും വേണം. ഇതിനായി കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് കോടതി കേസ് ഒക്ടോബര്‍ 26ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.