ചണ്ഡിഗഡ് : ഹരിയാനയിൽ മന്ത്രി സന്ദീപ് സിംഗിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ കോച്ചിനെ സസ്‌പെൻഡ് ചെയ്‌തു. ഓഗസ്റ്റ് 11ന് ഹരിയാന സ്‌പോർട്‌സ് ഡയറക്‌ടർ യഷേന്ദ്ര സിങ് കാരണങ്ങൾ ഒന്നും കാണിക്കാതെയാണ് വനിത കോച്ചിനെ സർവീസിൽ നിന്ന് നാല് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.
എന്നാല്‍ ജോലിയിൽ അച്ചടക്ക ലംഘനം കാണിച്ചതിനാലാണ് സസ്‌പെൻഡ് ചെയ്‌തതെന്നാണ് ഔദ്യോഗിക വ്യത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. "ഹരിയാന സിവിൽ സർവീസ് നിയമം റൂൾ 83 പ്രകാരം യുവതിയെ പ്രത്യേക കാരണങ്ങളാൽ സസ്‌പെൻഡ് ചെയ്യുന്നു. ഈ കാലയളവിൽ അലവൻസ് അനുവദിച്ചിട്ടുണ്ട്" - സ്‌പോർട്‌സ് ഡയറക്‌ടർ നൽകിയ സസ്‌പെൻഷൻ ഓർഡറിൽ ഇങ്ങനെ പറയുന്നു.
എന്നാൽ തനിക്കെതിരായ ഈ അനീതിയ്‌ക്കെതിരെ ശക്‌തമായി പ്രതികരിക്കുമെന്നും നീതി ലഭിക്കാനായി കോടതിയെ സമീപിക്കുമെന്നും കോച്ച് പ്രതികരിച്ചു. "അവരെന്നെ സസ്‌പെൻഡ് ചെയ്‌തു, കാരണം പോലും ബോധിപ്പിക്കാതെ. മാധ്യമങ്ങൾക്കറിയാം ആരാണിതിന് പിന്നിലെന്ന്.
കേസിൽ നിന്ന് പിൻമാറാൻ അവർ എനിക്കുമേൽ പല വിധ സമ്മർദങ്ങൾ ചെലുത്തി. സസ്‌പെൻഷനും അത്തരത്തിൽ ഒന്നാണ്. സസ്‌പെൻഷന്‍റെ യഥാർഥ കാരണം എനിക്കറിയാം, ഞാന്‍ ഈ കേസിൽ നിന്ന് പിൻമാറില്ല.
ഞനെന്‍റെ അവകാശങ്ങൾക്കുവേണ്ടി പോരാടും. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്" - വനിതാ കോച്ച് പറഞ്ഞു.
ഞാൻ നല്ല അച്ചടക്കത്തോടെയും ഉത്തരവാദിത്തബോധത്തോടെയും ആണ് ജോലി ചെയ്‌തിരുന്നത്. ആരുടെയും അടിമയല്ല. അവർക്ക് എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാം. പക്ഷേ ഞാൻ പിൻമാറില്ല - യുവതി പറയുന്നു. വെള്ളിയാഴ്ച ഞാൻ എന്നത്തേയും പോലെ ജോലിയ്‌ക്ക് പോയതാണ്. തിങ്കളാഴ്‌ച വൈകുന്നേരം ആണ് സസ്‌പെൻഷൻ ഓർഡർ വീട്ടിൽ ലഭിക്കുന്നത്.
ഞാനൊരു കായിക താരമാണ്. അങ്ങനെയുള്ള എന്നോട് ജോലി ചെയ്യരുതെന്ന് പറയുന്നത് നീതികേടാണ്. എന്തൊക്കെ സംഭവിച്ചാലും സത്യം പുറത്തുവരുന്നതുവരെ പോരാടും - അവര്‍ പറഞ്ഞു.
സന്ദീപ് സിംഗ് മുൻ ഹോക്കി താരവും നിലവിൽ ഹരിയാനയിലെ പ്രിന്‍റിംഗ് - സ്റ്റേഷനറി വകുപ്പ് മന്ത്രിയുമാണ്. സന്ദീപ് സിംഗിനെതിരെ യുവതിയുടെ പരാതി പ്രകാരം സെക്ഷൻ 354 എ (സ്‌ത്രീകൾക്കെതിരെയുള്ള ബലപ്രയോഗം) സെക്ഷൻ 354 ബി (വിവസ്‌ത്രയാകാൻ നിർബന്ധിക്കുക) സെക്ഷൻ 342 ( നിർബന്ധമായി തടവിൽ വയ്ക്കുക) സെക്ഷൻ 506 (ഭീഷണിപ്പെടുത്തൽ) എന്നിങ്ങനെ സുപ്രധാന വകുപ്പുകളിൽ കേസെടുത്തിരുന്നു.
പൊലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ പരാതിയെ തുടർന്ന് സന്ദീപ് സിംഗ് കായിക വകുപ്പ് ഉപേക്ഷിക്കുകയും യുവതിയുടേത് അടിസ്‌ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പ്രതികരിക്കുകയും ചെയ്‌തിരുന്നു. കായിക വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ഹരിയാന മുഖ്യമന്ത്രിയാണ്.
ആരോപണത്തിന് മറുപടി : അതേസമയം ലൈംഗിക ആരോപണം നേരിടുന്ന റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന്‍റെ വിശദീകരണ വീഡിയോ പുറത്ത്. നിസഹായനാണെന്ന് തോന്നുന്ന ദിവസം മരണത്തെ ആശ്ലേഷിക്കുമെന്നാണ് ബ്രിജ് ഭൂഷണ്‍ വീഡിയോയില്‍ പറയുന്നത്.