ന്യൂഡൽഹി: ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി 22 ഓക്സിജൻ ജനറേറ്ററുകൾ ഉടൻ തന്നെ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുമെന്ന് ലാർസൻ ആന്‍റ് ടൂബ്രോ (എൽ ആന്‍റ് ടി) അറിയിച്ചു. ഒൻപത് ഉപകരണങ്ങൾ മെയ് ഒൻപതിനകം ഇന്ത്യയിലെത്തുമെന്ന് എൽ ആന്‍റ് ടി പറഞ്ഞു. മെയ് 15 മുതൽ ഇവ ആവശ്യമുള്ള ആശുപത്രികളിലേക്ക് എത്തിക്കും.
ഓക്സിജന്‍ ലഭിക്കാത്തതുമൂലം നിരവധി രോഗികളാണ് കഷ്ടപ്പെടുന്നത്. ഈ പ്രതിസന്ധി മാറ്റുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള ടീമുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്സിജൻ ജനറേറ്ററുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് എൽ ആന്‍റ് ടി സിഇഒയും എംഡിയുമായ എസ്എൻ സുബ്രഹ്മണ്യൻ പറഞ്ഞു.
മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ നിർമിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഓരോ യൂണിറ്റിനും 1,750 കിടക്കകളുള്ള ആശുപത്രികളോ മെഡിക്കൽ സൗകര്യങ്ങളോ നിറവേറ്റാൻ കഴിയും. അടുത്ത 15 വർഷത്തേക്ക് ഈ യൂണിറ്റുകൾ ആശുപത്രികൾക്ക് സേവനം നൽകുമെന്നും കമ്പനി അറിയിച്ചു.