കോയമ്പത്തൂർ : ആനക്കട്ടി മേഖലയിൽ വായിൽ മുറിവുമായി അലഞ്ഞുതിരിയുന്ന കാട്ടാനയെ പിടികൂടി ചികിത്സിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കുങ്കിയാനകളെ എത്തിച്ച് ആനയെ പിടികൂടാനാണ് ശ്രമം. മുത്തു എന്ന കുങ്കിയാനയെയും തപ്‌സിലിപ് ആന ക്യാമ്പിൽ നിന്ന് കലീം എന്ന കുങ്കിയാനയെയും എത്തിച്ച് ആനക്കട്ടിയിലെ ആനയെ പിടിക്കാനാണ് കോയമ്പത്തൂർ വനംവകുപ്പ് ശ്രമിക്കുന്നത്.
ഏറ്റെടുത്ത 99 ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കി 100-ാമത്തെ ദൗത്യത്തിലേക്ക് കടക്കുകയാണ് കലീം. മുത്തുവിന്‍റെ ആദ്യ ദൗത്യമാണിത്. എന്നാൽ കലീമും മുത്തുവും തമ്മിൽ പഴയൊരു ശത്രുതയുടെ കഥയുണ്ട്.
ഏഴ് പേരെ കൊന്ന അരിസി രാജ : മുത്തുവിന് അരിസി രാജ എന്ന് മറ്റൊരു പേര് കൂടിയുണ്ട്. അരി രാജാവ് എന്നാണ് പേരിന്‍റെ അർഥം. 2017-2019 കാലയളവിൽ കോയമ്പത്തൂരിലെ പൊള്ളാച്ചി മേഖലയിൽ ഏഴ് പേരെ കൊന്ന കാട്ടാന ആയിരുന്നു മുത്തു. 2017ൽ വെള്ളല്ലൂർ മേഖലയിൽ നാല് പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് മുത്തുവിനെ കുങ്കികളുടെ സഹായത്തോടെ പിടികൂടി വരകളിയാർ വനത്തിലേക്ക് വിട്ടയച്ചിരുന്നു. എന്നാൽ മുത്തു വീണ്ടും ഇറങ്ങിവന്ന് മൂന്ന് പേരെ കൊലപ്പെടുത്തി.
എന്നാൽ ഇപ്പോൾ പാപ്പാന്മാരുടെ കൽപനകൾ അനുസരിക്കുന്ന മൃഗമാണ് മുത്തു. രാജ്‌കുമാർ ആണ് മുത്തുവിന്‍റെ പാപ്പാൻ. 18-ാം വയസിലാണ് മുത്തുവിനെ പിടികൂടുന്നത്. ഇപ്പോൾ അവന് 20 വയസായി.
പാപ്പാന് നേരെയും ആക്രമണം: ആദ്യമൊക്കെ മുത്തുവിനെ മെരുക്കുന്നത് ശ്രമകരമായിരുന്നു. സഹായിയായ ജ്യോതിരാജിനെ മുത്തു രണ്ടുതവണ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. തലനാരിഴയ്‌ക്കാണ് ജ്യോതിരാജ് രക്ഷപ്പെട്ടത്. എന്നാൽ തുടരെത്തുടരെ മുത്തുവിന്‍റെ ദേഷ്യം കുറയാൻ തുടങ്ങി. ഇതോടെ പാപ്പാന്മാർ അവന്‍റെ അടുത്തേക്ക് പോകാനും വാത്സല്യം പ്രകടിപ്പിക്കാനും തുടങ്ങി. ആനയും തിരിച്ച് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി.
വളരെ വൈദഗ്‌ധ്യമുള്ള മുത്തു ഭാവിയിൽ കലീമിന് പകരം വരാൻ സാധ്യതയുണ്ടെന്ന് രാജ്‌കുമാർ പറയുന്നു. ചോറാണ് മുത്തുവിന്‍റെ ഇഷ്‌ടഭക്ഷണം. ക്യാമ്പിൽ റാഗി പോലുള്ള ഭക്ഷണങ്ങൾ നൽകിയാലും മുത്തുവിന് ചോറ് നിർബന്ധമാണ്.
വർഷങ്ങളുടെ പഴക്കമുള്ള ആനപ്പക: കലീമിന്‍റെ സഹായത്തോടെയാണ് അരിസി രാജയെ പിടികൂടിയത്. മണി എന്നയാളാണ് കലീമിന്‍റെ പാപ്പാൻ. കലീം നിരവധി ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും മുത്തുവിനെ പിടികൂടാൻ പോയപ്പോൾ നെറ്റിയിൽ രണ്ട് മുറിവുകളാണ് കലീമിന് ലഭിച്ചത്. പരിക്ക് പറ്റിയെങ്കിലും ദൗത്യം വിജയിപ്പിക്കാൻ കലീമിന് കഴിഞ്ഞു.
കലീം ഉടൻ വിരമിക്കുമെന്നതിനാൽ കലീമിന് പകരം അരിസി രാജയെ കൊണ്ടുവരാമെന്ന് മണിയും പറയുന്നു. പഴയ വൈരാഗ്യം മറന്ന് സ്വന്തം വർഗത്തിൽ പെട്ട ആനയെ രക്ഷിക്കാൻ ഒരുമിക്കുകയാണ് കലീമും മുത്തുവും.