ഡെറാഡൂൺ: 'ഹർ ഹർ മഹാദേവ്', 'ഗംഗാ മൈയാ കീ ജയ്' എന്നീ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമാണ് കുംഭമേളയുമായി ബന്ധപ്പെട്ട രണ്ടാം ഷാഹി സ്‌നാനം നടക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാർ. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയുടെ ഭാഗമായി വിവിധ അഖാരയിലുള്ള സന്യസികളാണ് തിങ്കളാഴ്‌ച ഹർ കീ പൗരിയിൽ സ്‌നാനത്തിനായി എത്തിയത്.
മാർച്ച് 11നാണ് ആദ്യ ഷാഹി സ്‌നാനം നടന്നത്. മൂന്നാമത്തെ ഷാഹി സ്‌നാനം ഏപ്രിൽ 14ന് നടക്കും. 13 അഖാടകളുടെ നേതൃത്വത്തിലാണ് സ്‌നാനം. നാസിക്, ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജൈൻ എന്നീ സ്ഥലങ്ങളിലായാണ് കുംഭമേള നടക്കുന്നത്. സാധാരണ നാലു മാസം നീണ്ടു നിൽക്കുന്ന കുംഭമേള കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഒരു മാസത്തേക്ക് ചുരുക്കിയിരിക്കുകയാണ്.
കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഷാഹി സ്‌നാനത്തിനായി എത്തുന്ന ജനങ്ങൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഏഴു മണി വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതിനു ശേഷം അഖാടകൾക്ക് മാത്രമാണ് പ്രവേശനം. കുംഭമേളയിൽ പങ്കെടുക്കാൻ നേപ്പാളിലെ മുൻ രാജാവ് ജ്ഞാനേന്ദ്ര വീർ വിക്രം സിംഗ് ഞായറാഴ്‌ച ഹരിദ്വാറിൽ എത്തി.
അതേ സമയം ഞായറാഴ്‌ച ഉത്തരാഖണ്ഡിൽ 1,333 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,812 ആയി ഉൺർന്നു. നിലവിൽ സംസ്ഥാനത്ത് 7,323 കൊവിഡ് രോഗികളാണുള്ളത്.