ഉന്നാവ്/ ഉത്തർപ്രദേശ് : ഉന്നാവ് പെൺകുട്ടിയുടെ അമ്മയെ സ്ഥാനാർഥിയാക്കിയ കോൺഗ്രസ് തീരുമാനത്തിനെതിരെ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്‍റെ മകൾ ഐശ്വര്യ. ഉന്നാവ് പെൺകുട്ടിയുടെ അമ്മയെ മത്സരിപ്പിക്കുകയെന്നത് പ്രിയങ്ക ഗാന്ധിക്ക് ശരിയായി തോന്നിയേക്കാം. എന്നാൽ സമൂഹത്തിന്‍റെ ധാർമികത ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല, എഐസിസി ജനറൽ സെക്രട്ടറിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
കുൽദീപ് സിങ്ങിന്‍റെ വീട്ടിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിക്കും, അമ്മയ്ക്കുമെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഐശ്വര്യ സെൻഗാർ വീഡിയോയിൽ ഉന്നയിച്ചിട്ടുണ്ട്. ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും വ്യാജമായി നിർമിച്ചതിന് അവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സ്ഥാനാർഥിയുടെ കുടുംബത്തിനെതിരെ ഒരു ഡസനിലധികം കേസുകൾ നിലവിലുണ്ടെന്നും ഐശ്വര്യ ആരോപിച്ചു.
ഒരു കുടുംബത്തെ നശിപ്പിക്കുന്ന രാഷ്‌ട്രീയത്തെ ഒരിക്കലും ഉന്നാവോ അംഗീകരിക്കില്ല. ഈ തീരുമാനത്തിന്‍റെ ഫലം മാർച്ച് 10ന് നിങ്ങൾ കാണും. ഉന്നാവോയുടെ അനുഗ്രഹം തന്നോടൊപ്പം എന്നും ഉണ്ടാകുമെന്നും ഐശ്വര്യ പറഞ്ഞു.
2020 മാർച്ചിൽ ഉന്നാവോ പീഡനത്തിലെ അതിജീവതയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സെൻഗാർ, സഹോദരൻ അതുൽ സിങ്ങ്, മറ്റ് അഞ്ച് പേരെയും കോടതി 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. വ്യാഴാഴ്‌ച കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിലാണ് ഉന്നാവോ അസംബ്ലി സീറ്റിൽ നിന്നും അതിജീവിതയുടെ അമ്മയെ മത്സരിപ്പിക്കുന്ന വിവരം കോൺഗ്രസ് പുറത്തുവിട്ടത്.