വഡോദര (ഗുജറാത്ത്): സ്വയം വിവാഹം (സോളോഗമി) കഴിക്കാന്‍ തീരുമാനിച്ച രാജ്യത്തെ ആദ്യ വ്യക്തി ക്ഷമ ബിന്ദു വിവാഹിതയായി. ക്ഷമ സ്വയം വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത രാജ്യത്ത് വലിയ ചര്‍ച്ചയാവുകയും എതിര്‍പ്പുമായി ഒരു കൂട്ടം പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ (ബുധനാഴ്ച) താന്‍ വിവാഹിതയായി എന്ന് ക്ഷമ വെളിപ്പെടുത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോയും അവര്‍ പങ്കുവച്ചു.
വഡോദരയിലെ ഗോത്രി ഏരിയയിലെ വീട്ടിലായിരുന്നു ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്. ഹിന്ദു ആചാര പ്രകാരം മെഹന്തി, ഹല്‍ദി തുടങ്ങിയ എല്ലാ ചടങ്ങുകളും മുറപോലെ നടത്തി. കുടുംബാഗംങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. 40 മിനിട്ട് നീണ്ടു നിന്ന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു താലികെട്ട്.
ജൂണ്‍ 11ന് ആയിരുന്നു നേരത്തെ വിവാഹ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹം വിവാദമായതോടെ തീരുമാനം മാറ്റി. ചടങ്ങിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ക്ഷമയുടെ അയല്‍വാസികള്‍ പറഞ്ഞിരുന്നു. വിവാഹം നടത്താന്‍ നിശ്ചയിച്ച ക്ഷേത്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തി എതിര്‍പ്പ് അറിയിച്ചു. ഇതോടെ ക്ഷേത്രവും ചടങ്ങ് നടത്തുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
ഇതോടെയാണ് അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച് നിശ്ചയിച്ചതിലും മൂന്ന് ദിവസം മുമ്പ് ചടങ്ങ് നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് വിവാഹം. അതിനാല്‍ തന്നെ അത് അലങ്കോലമാക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. ചടങ്ങ് നടത്താന്‍ പൂജാരിമാര്‍ വരാത്തതിനാല്‍ ഡിജിറ്റലായി മന്ത്രങ്ങള്‍ പ്ലേ ചെയ്തായിരുന്നു വിവാഹം. ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇവര്‍ പുറത്തുവിട്ടു.
Also Read: ഇന്ത്യയിലെ ആദ്യ 'സോളോഗമി'ക്ക് തയ്യാറെടുത്ത് ക്ഷമ ബിന്ദു : കാണാം ചിത്രങ്ങള്‍