ന്യൂഡൽഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. സ്വന്തം താൽപര്യ പ്രകാരമാണ് റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതിനായി വൈദികന് ജാമ്യം അനുവദിക്കണമെന്നും പെൺകുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
കേസ് തിങ്കളാഴ്‌ച പരിഗണിക്കും
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട റോബിൻ വടക്കുഞ്ചേരി നൽകിയ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 20 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് റോബിൻ വടക്കുംചേരി. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരിയായിരിക്കെ 2016ൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. എന്നാൽ, പരസ്പര സമ്മതത്തോടെയാണണ് ബന്ധപ്പെട്ടതെന്നാണ് ഹരജിയിൽ പറയുന്നത്. പെൺകുട്ടിയുടെ ഹരജി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി എന്നായിരുന്നു കേസ്. എന്നാൽ വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞിരുന്നു. തലശേരി പോക്സോ കോടതി ജഡ്‌ജി പി.എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്. കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു.