ജയ്‌പൂര്‍: ഞായറാഴ്‌ച ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജസ്ഥാനിലെ കോട്ട ജില്ല ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 20ലധികം ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് നടപടി. വര്‍ധിച്ചുവരുന്ന ആത്മഹത്യകളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ആശങ്ക അറിയിച്ചു.
കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുത്. അവര്‍ ആഗ്രഹിക്കുന്നത് പോലെ ആകട്ടെയെന്ന് അശോക് ഗെലോട്ട് പറഞ്ഞു. മാത്രമല്ല, കലക്‌ടര്‍ ഒപി ബങ്കറിന്‍റെ നേതൃത്വത്തില്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കോട്ടയില്‍ ഇന്ന് ജില്ല തല യോഗം ചേര്‍ന്നു.
'നിരവധി പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരും, ഹോസ്‌റ്റല്‍ അധികൃതരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് പുറമെ ഹോസ്‌റ്റല്‍ മുറികളും വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി പഠിക്കുകയാണ്. അവര്‍ക്ക് വിശ്രമിക്കാന്‍ ഒരു അവസരം ലഭിക്കുന്നില്ല. ഞായറാഴ്‌ച അവധി ദിനമാക്കണമെന്ന് അറിയിച്ച് നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു'- ജില്ല കലക്‌ടര്‍ പറഞ്ഞു.
തൂങ്ങിമരണങ്ങള്‍ കുറയ്‌ക്കാന്‍ ഫാനുകളില്‍ പ്രത്യേക സംവിധാനം: എല്ലാ ഞായറാഴ്‌ചകളിലും പരീക്ഷകള്‍ ഒഴിവാക്കി മോട്ടിവേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കണമെന്ന് ഹോസ്‌റ്റല്‍ അധികൃതര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൂങ്ങിമരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഫാനുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ഘടിപ്പിക്കണമെന്ന് കലക്‌ടര്‍ അവശ്യപ്പെട്ടു. ഈ സുരക്ഷാസംവിധാനങ്ങള്‍ എല്ലാ ഹോസ്‌റ്റലുകളിലും പിജികളിലും ഘടിപ്പിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ എത്രയും വേഗം ഇവ നടപ്പിലാക്കാന്‍ വ്യത്യസ്‌ത ഉത്തരവ് പുറപ്പെടുവിക്കാനും അധികൃതര്‍ക്ക് കോട്ട കലക്‌ടര്‍ നിര്‍ദേശം നല്‍കി.
കുട്ടികളുടെ മാനസികാവസ്ഥ അറിയാന്‍ സൈക്കോളജി ടെസ്‌റ്റുകള്‍ നടത്തേണ്ടതുണ്ടെന്നും ഹോസ്‌റ്റല്‍ നടത്തിപ്പുകാരും എല്ലാ 15 ദിവസം കൂടുമ്പോഴും ഇത് സംഘടിപ്പിക്കണമെന്നും കലക്‌ടര്‍ അറിയിച്ചു. ടെസ്‌റ്റുകളില്‍ സംശയാസ്‌പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ആ കുട്ടികളുടെ കുടുംബാംഗങ്ങളെ അറിയിച്ച ശേഷം വിദഗ്‌ധ കൗണ്‍സിലിങ് നല്‍കുമെന്ന് ബങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി വനിത നേതാവിന്‍റെ ആത്മഹത്യ: പാർട്ടിയിലെ മുതിർന്ന നേതാവുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അസമിൽ ബിജെപിയുടെ വനിത നേതാവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. അസം ബിജെപിയുടെ പ്രമുഖ വനിത നേതാവ് ഇന്ദ്രാണി തഹബിൽ ദാറിനെയാണ് (48) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിസാൻ മോർച്ചയുടെ ട്രഷറർ സ്ഥാനം വഹിച്ച് വരികയായിരുന്ന ഇന്ദ്രാണി, ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. ബിജെപി കിസാൻ മോർച്ചയിലെ തന്നെ മുതിർന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്‌തതെന്നാണ് വിവരം.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഓഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ദ്രാണിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തത്. അതേസമയം സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056.