ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് എംഎല്‍എയുമായ സുഖ്‌ജിന്ദർ സിങ് രന്‍ധാവക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ജനങ്ങളെ കലാപത്തിനും കൊലപാതകത്തിനും പ്രേരിപ്പിച്ചുവെന്ന ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോട്ട കോടതി ഉത്തരവിട്ടത്. ബിജെപി നേതാവും രാംഗഞ്ച് മാണ്ഡി എംഎല്‍എയുമായ മദന്‍ ദിലാവറിന്‍റെ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
സുഖ്‌ജിന്ദർ സിങ് രന്‍ധാവക്കെതിരെ കേസെടുക്കാനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോട്ടയിലെ മഹാവീര്‍ നഗര്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. അതേസമയം ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം സുഖ്‌ജിന്ദർ സിങ് രന്‍ധാവക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ദിലാവര്‍ എംഎല്‍എയുടെ അഭിഭാഷകന്‍ മനോജ് പുരി പറഞ്ഞു. ജയ്‌പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്രകടനത്തിനിടെയുണ്ടായ സുഖ്‌ജിന്ദർ സിങ് രന്‍ധാവയുടെ പരാമര്‍ശമാണ് കേസിന് കാരണമായത്.
'അദാനിയെ കൊല്ലുന്നത് ഒട്ടും ഫലം ചെയ്യില്ലെന്നും പ്രധാനമന്ത്രിയെ അവസാനിപ്പിക്കേണ്ടി വരും' എന്നുമായിരുന്നു പരാമര്‍ശം. വിഷയത്തില്‍ നിരവധി പ്രതിഷേധവും ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ മഹാവീര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവമുണ്ടായത് തങ്ങളുടെ പൊലീസ് സ്റ്റേഷന്‍ പരിധിയിലല്ലെന്ന് അറിയിച്ച പൊലീസ് വിഷയത്തില്‍ കേസെടുത്തില്ല. ഇതേ തുടര്‍ന്നാണ് എംഎല്‍എ മദന്‍ ദിലാവര്‍ അടക്കമുള്ള നേതാക്കള്‍ കോടതിയെ സമീപിച്ചത്.