കൊൽക്കത്ത: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തിയെ ഇന്ന് (ജൂണ്‍ 28 തിങ്കള്‍) കൊൽക്കത്ത പൊലീസ് ചോദ്യം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ. വീഡിയോ കോൺഫറൻസ് വഴിയാണ് ചോദ്യം ചെയ്യൽ നടത്തുക.
also read:രാജ്യത്തെ ട്വിറ്ററിന്‍റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകനായിരുന്നു മിഥുൻ ചക്രബർത്തി. തന്‍റെ സിനിമയിലെ ചില ഡയലോഗുകൾ പറഞ്ഞായിരുന്നു മിഥുൻ ചക്രവർത്തിയുടെ പ്രസംഗം. ഇത് സംഘർഷത്തിന് കാരണമായെന്ന് പരാതി ഉയർന്നു.തുടർന്ന് മണികട്‌ല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ സംഘർഷങ്ങൾക്ക് കാരണം തന്‍റെ സിനിമാ ഡയലോഗുകൾ അല്ല എന്നാണ് മിഥുൻ ചക്രവർത്തിയുടെ വാദം.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടിയിരുന്നു. 294 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 77 സീറ്റുകൾ ഭാരതീയ ജനതാ പാർട്ടിയും നേടി. തുടർന്ന് പശ്ചിമ ബംഗാളിന്‍റെ പല ഭാഗങ്ങളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മെയ് രണ്ടിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.