കൊൽക്കത്ത: സ്‌ട്രാൻഡ് റോഡ് പ്രദേശത്തെ ബഹുനില കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിൽ തിങ്കളാഴ്‌ച വൈകിട്ടുണ്ടായ തീ പിടിത്തത്തിൽ ഒൻപത് പേർ മരിച്ചു.
അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ ഗിരീഷ് ധേ, ബീമൻ പുരോകായത്, ഗൗരവ് ബെയ്‌ജ്, അനിരുദ്ധ ജാന, ഹെയർ സ്‌ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെ അസിസ്‌റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ അമിത് ഭവാൽ, രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരാണ് മരിച്ചത്. 15 ഫയർ ടെൻഡർ കൊണ്ടു വന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റെയിൽവേയുടെ ഓഫീസുകൾ ഉൾപ്പെടെ സ്ഥിതി ചെയ്ത കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജി, മുൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ മേയർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുമെന്നും മമത ബാനർജി അറിയിച്ചു.