കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് ഗായകന്‍ കെകെയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ സാംസ്‌കാരിക കേന്ദ്രമായ രബീന്ദ്ര സദനില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ആകാശത്തേക്ക് ആചാരവെടി മുഴക്കി (ഗണ്‍ സല്യൂട്ട്) പ്രിയ ഗായകന് പൊലീസ് ആദരവ് അര്‍പ്പിച്ചു.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബുധനാഴ്‌ച ഉച്ചയോടെ കെകെയുടെ മൃതദേഹം രവീന്ദ്ര സദനിൽ എത്തിച്ചു. കെകെയുടെ ജനപ്രിയ ഗാനം 'യാദ് ആയേംഗേ യേ പൽ' പശ്ചാത്തലത്തില്‍ മുഴങ്ങി. വികാരനിര്‍ഭര നിമിഷത്തില്‍ ചുറ്റും കൂടി നിന്ന ആരാധകരില്‍ പലരും വിതുമ്പി.
കെകെയുടെ ഭാര്യയും മകളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ആചാരവെടി സംഘടിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം രബീന്ദ്ര സദനിലേക്ക് വേദി മാറ്റുകയായിരുന്നു.
ചടങ്ങിന് ശേഷം കെകെയുടെ ഭൗതികാവശിഷ്‌ടം ഗ്രീൻ കോറിഡോർ വഴി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്‌ച മുംബൈയില്‍ വച്ചാണ് അന്ത്യകര്‍മം. മെയ് 31ന് രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മലയാളിയായ കൃഷ്‌ണകുമാർ കുന്നത്ത് എന്ന കെകെയുടെ അന്ത്യം.
കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ താമസിക്കുന്ന ഹോട്ടലിലെത്തിച്ചു. അവിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ കൊൽക്കത്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലയാളിയായ കെകെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, കന്നട തുടങ്ങി വിവിധ ഭാഷകളിലായി 700ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.