ന്യൂഡല്‍ഹി : 11കാരനായ ക്രിക്കറ്റ് താരത്തിന് ചികിത്സാസഹായം നല്‍കി ഇന്ത്യന്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. മുംബൈ സ്വദേശിയായ അഞ്ചാം ക്ലാസ് സ്കൂൾ വിദ്യാർഥിയുടെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റെഷന് വേണ്ടിയാണ് രാഹുല്‍ 35 ലക്ഷം രൂപ നല്‍കിയത്.
മകന്‍റെ ചികിത്സയ്‌ക്കായി കഴിഞ്ഞ ഡിസംബറില്‍ മുതല്‍ കുട്ടിയുടെ മാതാപിതാക്കള്‍ സഹായം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിന്‍റെ ഇടപെടല്‍.
അപൂർവ രക്ത രോഗമായ എപ്ലാസ്റ്റിക് അനീമിയ കണ്ടെത്തിയതിനെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ കഴിഞ്ഞ സെപ്തംബർ മുതൽ ചികിത്സയിലാണ് അഞ്ചുവയസുകാരന്‍.
രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ ശരീരത്തിനുള്ള കഴിവ് നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് എപ്ലാസ്റ്റിക് അനീമിയ. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിലവില്‍ വിശ്രമത്തിലാണ് കുട്ടിയുള്ളത്.
ശസ്ത്രക്രിയ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവന് കഴിയട്ടെ. തന്‍റെ സംഭാവന കൂടുതൽ ആളുകള്‍ക്ക് പ്രചോദനമാവുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.