കൊല്‍ക്കത്ത : അന്തരിച്ച ബോളിവുഡ് ഗായകന്‍ കെകെയുടെ സംസ്‌കാരം ഇന്ന് മുംബൈയില്‍ ഉച്ചയ്ക്ക് 12 മണിയോടെ നടക്കും. വെര്‍സോവ ക്രിമേഷന്‍ ഗ്രൗണ്ടില്‍ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബം അറിയിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിനും പൊതുദര്‍ശനത്തിനും ശേഷം ബുധനാഴ്‌ച രാത്രിയോടെ മൃതദേഹം മുംബൈയിലെത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച് വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോകുകയായിരുന്നു. ഹോട്ടലില്‍ വച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കെകെയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ കെകെയുടെ മുറിയില്‍ നിന്ന് രക്തം പുരണ്ട ടവ്വല്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ കെകെയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതായാണ് പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറത്തുവരുന്ന വിവരം. മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമാണ് ഗായകൻ മരിച്ചതെന്നാണ് പ്രാഥമിക മെഡിക്കല്‍ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
72 മണിക്കൂറിന് ശേഷമേ അന്തിമ റിപ്പോർട്ട് ലഭ്യമാകുകയുള്ളൂ. വേദിയിലേക്ക് എത്തുന്നതിന് മുമ്പുതന്നെ കെകെയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി അദ്ദേഹത്തിന്‍റെ മാനേജര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുറിയിലെത്തി ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ കെകെ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് നെറ്റിയിലുണ്ടായ മുറിവില്‍ നിന്നും രക്തം വന്നപ്പോള്‍ തുടയ്ക്കാനുപയോഗിച്ച ടവ്വലാണ് മുറിയില്‍ നിന്ന് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.