കലബുറഗി : കർണാടകയിലെ കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനിൽ നിന്ന് ഇന്ന് പുലർച്ചെ മോഷണം പോയ കെകെആർടിസി (കല്യൺ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ) ബസ് തെലങ്കാനയിൽ നിന്ന് കണ്ടെത്തി. പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയിൽ നിന്നാണ് ബസ് കണ്ടെത്തിയത്. റോഡിലെ കുഴിയിൽ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ചിഞ്ചോളി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മോഷ്‌ടിക്കപ്പെട്ടത്. ബീദറിൽ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയിൽ എത്തിയതായിരുന്നു ബസ്. ഇന്ന് പുലർച്ചെ ഡ്രൈവർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബസുമായി മോഷ്‌ടാവ് തണ്ടൂർ വഴി തെലങ്കാനയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
പിന്നാലെ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ബസിനായി തെരച്ചിൽ ആരംഭിച്ചു. മറുവശത്ത് കെകെആർടിസി ഉദ്യോഗസ്ഥർ ബിദാറിൽ നിന്ന് രണ്ട് ടീമുകളും കലബുറഗിയിൽ നിന്ന് രണ്ട് ടീമുകളും രൂപീകരിച്ച് ചിഞ്ചോളി, തണ്ടൂർ, തെലങ്കാന എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തി. ടോൾ പ്ലാസകളിലെയും വഴിയോര കടകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പൊലീസ് സംഘം ഒടുവിൽ ബസ് കണ്ടെത്തുകയായിരുന്നു.
അതേസമയം ബസ് കണ്ടെത്തിയെങ്കിലും മോഷ്‌ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്തിയാൽ മാത്രമേ ബസ് മോഷ്ടിച്ചതിന്‍റെ കാരണം വ്യക്തമാവുകയുള്ളൂ. മോഷ്‌ടാവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. സംഭവത്തിൽ ചിഞ്ചോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 1993-94 കാലഘട്ടത്തിലും കലബുറഗി ജില്ലയിൽ നിന്ന് സർക്കാർ ബസ് മോഷണം പോയിട്ടുണ്ട്.