ഇൻഡോർ: പത്തനംതിട്ട നഗരസഭ സെക്രട്ടറി കെ കെ സജിത്ത് കുമാർ (47) മധ്യപ്രദേശിൽ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു (KK Sajith Kumar - Pathanamthitta Municipal Secretary Passed Away). നഗരസഭ സെക്രട്ടറിമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം മധ്യപ്രദേശിലെ ഇൻഡോറിലെത്തിയത്. ഇതിനിടെ ഹോട്ടൽ മുറിയിൽ വച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
മുറിയിൽനിന്ന് പുറത്ത് കാണാതായതോടെ ഇന്ന് രാവിലെ ഹോട്ടൽ ജീവനക്കാർ മുറിയിൽ കയറി നോക്കിയപ്പോൾ സജിത്ത് അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയും ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി അടിമാലി സ്വദേശിയാണ് സജിത്. ഭാര്യ സെക്രട്ടേറിയറ്റിൽ ജോയന്റ് സെക്രട്ടറിയായതിനാല്‍ വർഷങ്ങളായി തിരുവനന്തപുരത്താണ് സ്ഥിരതാമസം. മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചു.